ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം പദ്ധതി സംബന്ധിച്ച് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം തേടി. നവംബര്‍ നാലിനകം വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു.
കൂടാതെ പൊലീസ് യൂണിഫോമുകളുടെ ഗുണ നിലവാരം, രൂപകല്‍പന, വില എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്രം അന്വേഷിച്ചു. വാര്‍ഷിക യൂണിഫോം അലവന്‍സ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശ വില എന്നിവയുടെ വിശദാംശങ്ങളും കേന്ദ്രം തിരക്കിയിട്ടുണ്ട്.
എല്ലാവര്‍ക്കും ഒരേ യൂണിഫോം തയ്യാറാക്കേണ്ടത് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ആണ്. തുണി, നിറം, ചിഹ്നം, ചെലവ് എന്നിവയെക്കുറിച്ച് വിശദമായി പഠിക്കും.
2022 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഏകീകൃത പൊലീസ് യൂണിഫോം എന്ന ആശയം മുന്നോട്ടു വച്ചത്. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ്, ഒരു രാജ്യം, ഒരു ഗ്രിഡ്, തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് രാജ്യത്തുണ്ട്. ഇതുപോലെ എല്ലാ സംസ്ഥാനങ്ങളും ഒരു രാജ്യം, ഒരു പൊലീസ് യൂണിഫോം എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കണം എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.