ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ സുപ്രധാന  ആശയ വിനിമയ ഉപഗ്രഹമായ സിഎംഎസ് 03 ഇന്ന് വൈകുന്നേരം 5.26 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പറന്നുയരും. 'ബാഹുബലി' എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം 3 റോക്കറ്റിലാണ് ഉപഗ്രഹം ബഹിരാകാശത്തെത്തുന്നത്.
നാവിക സേനയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത 4000 കിലോ ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്  സിഎംഎസ് 03. ഏകദേശം 4,410 കിലോ ഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണെന്ന് ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ അറിയിച്ചു. 
4,000 കിലോ ഗ്രാമില്‍ കൂടുതല്‍  ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ കഴിവുള്ളത് കൊണ്ടാണ് സിഎംഎസ് 03യെ വഹിക്കുന്ന എല്‍വിഎം 3 റോക്കറ്റിനെ 'ബാഹുബലി' എന്ന് വിളിക്കുന്നത്. 43.5 മീറ്റര്‍ ഉയരമാണ് റോക്കറ്റിനുള്ളത്. എല്‍വിഎം3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3) ഐഎസ്ആര്‍ഒയുടെ  പുതിയ ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ്. 
 രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടിട്ടില്ല. എല്‍വിഎം 3 റോക്കറ്റിനെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ജിയോസിന്‍ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ എന്നും വിളിക്കുന്നുണ്ട്. എല്‍വിഎം 3യുടെ അഞ്ചാമത്തെ ദൗത്യമാണിത്.