ശബരീനാഥന്റെ നേതൃത്വത്തില്‍ യുവനിരയെ ഇറക്കി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ കോണ്‍ഗ്രസ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

ശബരീനാഥന്റെ നേതൃത്വത്തില്‍ യുവനിരയെ ഇറക്കി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ കോണ്‍ഗ്രസ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന്റെ നേതൃത്വത്തില്‍ യുവനിരയെ ഇറക്കി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ നാളെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും.

ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. കവടിയാര്‍ വാര്‍ഡിലായിരിക്കും ശബരിനാഥന്‍ മത്സരിക്കുക. യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ജോണ്‍സണ്‍ ജോസഫ്, പട്ടം അനില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം സജീര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ത്ഥികളാവും.

നൂറ് സീറ്റുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ഒന്‍പത് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഈ നില മെച്ചപ്പെടുത്തി ഭരണം പിടിക്കുക എന്നതിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ കുറെ നാളുകളായി വി.എസ് ശിവകുമാറിന്റെയും കെ. മുരളീധരന്റെയും നേതൃത്വത്തില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം നടന്നു നടന്നു വരികയാണ്. തൃശൂരിലെ പരാജയത്തിന് ശേഷം വട്ടിയൂര്‍ക്കാവില്‍ മടങ്ങിയെത്തിയ മുരളീധരന്‍ അടിത്തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലും മുരളീധരന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പറേഷനില്‍ അന്‍പതോളം സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി അതിന് അംഗീകാരം നല്‍കി. ഘടക കക്ഷികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണന്നും അദേഹം അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.