ബീജിങ്: വത്തിക്കാനോടുള്ള വിശ്വസ്തതയുടെ പേരിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനങ്ങൾ നേരിട്ട ഭൂഗർഭ കത്തോലിക്ക സഭയിൽ സേവനം ചെയ്ത ബിഷപ്പ് ജൂലിയസ് ജിയ ഷിഗുവോ അന്തരിച്ചു. 91 വയസായിരുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷൻ (CPCA) എന്ന സർക്കാർ അംഗീകൃത സഭയിൽ ചേരാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബിഷപ്പ് ജിയയെ ദശാബ്ദങ്ങളോളം തടവിലാക്കിയത്.
ജിൻഷൗവിലെ വുഖിയു ഗ്രാമത്തിലാണ് ബിഷപ്പ് ജിയ ജനിച്ചത്. 1980 ൽ വൈദികനായ അദേഹം ഒരു വർഷത്തിന് ശേഷം ബയോഡിംഗിലെ ബിഷപ്പ് ജോസഫ് ഫാൻ സൂയാൻ മുഖാന്തിരം ഷെങ്‌ഡിംഗിലെ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടു. ഇതോടെ വത്തിക്കാനുമായി ബന്ധമുള്ള ഭൂഗർഭ രൂപതയുടെ തലവനായിത്തീർന്നു.
പിന്നീട് ഈ വിവരം അറിഞ്ഞ ഭരണകൂടം ബിഷപ്പ് ജിയയെ സർക്കാർ സഭയിൽ ചേരാൻ സമ്മർദ്ദപ്പെടുത്തി. പക്ഷേ ബിഷപ്പ് അതിനെ ചെറുത്തു. അതിനു ശേഷമാണ് ഏകദേശം 15 വർഷം തടവിൽ കഴിയേണ്ടിവന്നത്. ജയിലിൽ അദേഹം നേരിട്ട ക്രൂര പീഡനങ്ങൾ ലോകം ഞെട്ടിക്കുന്നവയായിരുന്നു. വെള്ളം നിറച്ച സെല്ലിൽ പാർപ്പിച്ചതിനാൽ ഗുരുതരമായ അസ്ഥിരോഗം പിടിപെട്ടെന്നതും പുറത്തുവന്നിരുന്നു.
അനാഥർക്കായി ഹെബെയിൽ ആരംഭിച്ച അനാഥാലയം സർക്കാർ അനുമതിയില്ലെന്ന കാരണത്താൽ 202 0ൽ അധികാരികൾ പൊളിച്ചുമാറ്റി.
ദശാബ്ദങ്ങളായി ചൈനയിലെ കത്തോലിക്ക സഭ രണ്ട് വിഭാഗങ്ങളായി നിലനിൽക്കുന്നു. ഒന്ന്, കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷൻ. മറ്റൊന്ന് വത്തിക്കാനെ അംഗീകരിക്കുന്ന ഭൂഗർഭ സഭ. ഇരു വിഭാഗങ്ങളെയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 സെപ്റ്റംബറിൽ വത്തിക്കാൻ - ചൈന കരാർ പ്രാബല്യത്തിൽ വന്നെങ്കിലും കരാറിന് ശേഷം പോലും മതസ്ഥാപനങ്ങൾക്കെതിരായ നടപടികൾ തുടരുകയാണ്.