കൊച്ചി: പരിശുദ്ധ കന്യകാ മറിയത്തെക്കുറിച്ചുള്ള സഭയുടെ പഠനങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും മറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയും സ്വർഗാരോപിതയുമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
റോമിലെ വിശ്വാസ തിരുസംഘം 'വിശ്വാസികളുടെ സമൂഹത്തിൻ്റെ മാതാവ്' (Mater Populi fidelis) എന്ന പേരിൽ പ്രസിദ്ധീകരിച്ച പ്രബോധന രേഖയുടെ വെളിച്ചത്തിൽ മരിയ ഭക്തിക്ക് വ്യക്തത നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ച സർക്കുലറിലാണ് മേജർ ആർച്ച് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തെ 'സഹരക്ഷക' എന്ന് വിശേഷിപ്പിക്കുന്നത് ദൈവശാസ്ത്രപരമായി ഉചിതമല്ലെന്നും 'കൃപാവരത്തിൻ്റെ മാതാവ്' എന്നും 'മധ്യസ്ഥ' എന്നുമുള്ള പദങ്ങൾ വിവേകപൂർവം ഉപയോഗിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. മറിയം ദൈവത്തിന്റെ രക്ഷാകർമ്മത്തിൽ സഹകരിച്ചവളാണ്, എന്നാൽ രക്ഷകർത്താവ് ഏകമായി ഈശോമിശിഹാ മാത്രമാണ്, എന്നും സർക്കുലർ ഓർമ്മിപ്പിക്കുന്നു.
സർക്കുലറിന്റെ പൂർണരൂപം
മരിയഭക്തിക്കൊരു മാർഗരേഖ, സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും സമർപ്പിതർക്കും തൻറെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,പരിശുദ്ധപിതാവു ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച 'വിശ്വാസികളുടെ സമൂഹത്തിൻ്റെ മാതാവ്' (Mater Populi fidelis) എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷക (Co-redemptrix) എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ല എന്നും "കൃപാവരത്തിന്റെ മാതാവ്' എന്നും 'മധ്യസ്ഥ' എന്നുമുള്ള വിശേഷണങ്ങൾ വിവേക പൂർവം ഉപയോഗിക്കണം എന്നും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ.
കത്തോലിക്കാ സഭ മാതാ വിനു നല്കിയിരുന്ന ബഹുമാനത്തിൽനിന്നു പിന്നോട്ടു പോവുകയാണെന്നും പ്രൊട്ടസ്റ്റൻറ് ആശയങ്ങൾ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചർച്ചകളും വ്യാഖ്യാന ങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചുകാണു എന്നാൽ, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധന ങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമായി നാം മനസ്സിലാക്കേണ്ടതുണ്ട്.
പരിശുദ്ധ അമ്മയെക്കുറിച്ചു നാലു വിശ്വാസസത്യങ്ങളാണ് തിരുസഭ ആധികാരികമായി പഠിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമറിയം ദൈവമാതാവും നിത്യകന്യകയും അമലോ വയും സ്വർഗാരോപിതയുമാണ് എന്നതാണ് ആ വിശ്വാസസത്യങ്ങൾ. ഈ നാലു സത്യ ങ്ങളും മാറ്റമില്ലാതെ തിരുസഭ ഇന്നും പ്രഘോഷിക്കുന്നു.
അതേസമയം, പരിശുദ്ധ കന്യകാ മറിയത്തെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ചില പദങ്ങളിൽ കടന്നുകൂടിയിട്ടുള്ള ദൈവ ശാസ്ത്രപരമായ വ്യതിയാനങ്ങളെ തിരുത്താനാണ് പുതിയ പ്രബോധനരേഖ ലക്ഷ്യംവയ് ക്കുന്നത്. മനുഷ്യാവതാരംചെയ്‌ത ദൈവപുത്രനു ജന്മംകൊടുക്കുകവഴി ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം നമ്മുടെയും അമ്മയാണ്. മറിയത്തിൻ്റെ ആത്മീയ മാതൃത്വത്തോടു ചേർന്നുനില്ക്കാനുള്ള ആഹ്വാനമാണ് ഈ പ്രബോധനരേഖയുടെ ഹൃദയം.
അതോടൊപ്പംതന്നെ, തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാവുന്ന ചില വിശേഷണങ്ങളെ വിവേക പൂർവം ഒഴിവാക്കാനും ഈ പ്രബോധനരേഖ ആവശ്യപ്പെടുന്നു. അതിൽ ഏറ്റവും പ്രധാന പ്പെട്ടത് 'സഹരക്ഷക' (co-redemptrix) എന്ന വിശേഷണം ഒഴിവാക്കാനുള്ള നിർദേശമാണ്. ഇതിനെ പുതിയൊരു നിർദേശമായി വ്യാഖ്യാനിക്കുന്നതു ശരിയല്ല. തിരുസഭ ഒരിക്കലും പരിശുദ്ധ കന്യകാമറിയം സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ പഠിപ്പിക്കുകയോ ചെയ്‌തിട്ടില്ല. മറിയത്തോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കാൻ ചില മരിയഭക്തർ പരിശുദ്ധ അമ്മയെ സഹരക്ഷക എന്നു വിശേഷിപ്പിച്ചിരുന്നു എന്നതു വസ്തുതയാണ്.
എന്നാൽ ഈ വിശേഷണം ദൈവശാസ്ത്രപരമായി ചില തെറ്റിദ്ധാരണകൾക്കു കാരണമാകും എന്നതു ചൂണ്ടിക്കാണിക്കുകയാണ് പുതിയ പ്രബോധനരേഖ ചെയ്യുന്നത്. 'മറിയം സഹരക്ഷകയാണ്' എന്നു പറയുമ്പോൾ മിശിഹായുടെ രക്ഷാകർമം അതിൽ ത്തന്നെ അപൂർണമാണെന്നും മറിയത്തിന്റെ സഹായംകൂടാതെ അതു സാധ്യമാവുക യില്ലായിരുന്നു എന്നും തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്.
അല്ലെങ്കിൽ ഈശോയും മറി യവും ചേർന്നാണു മനുഷ്യരക്ഷ സാധ്യമാക്കിയത് എന്നു ചിന്തിക്കാനും ഇടയായേക്കാം. മനുഷ്യകുലത്തിൻ്റെ രക്ഷയിൽ ഈശോ വഹിച്ച അതുല്യമായ സ്ഥാനത്തിൻ്റെ മഹത്വ ത്തിനു ഭംഗംവരുത്താൻ ഇത്തരം തെറ്റിദ്ധാരണകൾ ഇടവരുത്തിയേക്കാമെന്നുള്ളതു കൊണ്ടാണ് ഈ പരാമർശം ഒഴിവാക്കണമെന്നു പ്രബോധനരേഖ നിർദേശിക്കുന്നത്.
ദൈവ ത്തിന്റെ രക്ഷാകരപദ്ധതിയിൽ മറിയം വഹിച്ച നിർണായകമായ പങ്കിനെ പുതിയ പ്രബോധ നരേഖ യാതൊരുവിധത്തിലും നിഷേധിക്കുന്നില്ല. മറിയം ദൈവഹിതത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകാൻ സഹനപൂർവം സന്നദ്ധയാവുകയും ചെയ്തു. മറിയം 'ദൈവികപദ്ധതിയോടു സഹകരിച്ചു' എന്നതും 'സഹരക്ഷകയാണ് എന്നതും തമ്മിൽ വ്യത്യാസമുണ്ട്.
വിശ്വാസംകൊണ്ടും അനുസരണംകൊണ്ടും സ്വാതന്ത്ര്യ ത്തോടെ ദൈവത്തിൻ്റെ രക്ഷാകർമത്തിൽ സഹകാരിണിയായി എന്നതാണു പരിശുദ്ധ അമ്മയുടെ മഹത്വം അതുപോലെതന്നെ, മറിയത്തെ 'കൃപാവരത്തിന്റെ അമ്മ' എന്നു വിശേഷിപ്പിക്കുമ്പോൾ എല്ലാ കൃപകളും മറിയത്തിൽനിന്നാണ് ഉത്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ടാകാം എന്ന വസ്തുതയും പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്.
"സകല കൃപകളുടെയും മധ്യസ്ഥ' എന്ന പ്രയോഗവും പരിമിതികളുള്ളതാണ്. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. ഏകജാതനായ മിശിഹാ എല്ലാ കൃപകളും വർഷിക്കുന്നത് അവിടന്നു സ്ഥാപിച്ച തിരുസഭയിലെ പരിശുദ്ധ കൂദാശകളിലൂടെയാണ്. ഈ വിശ്വാസരഹസ്യത്തിന്റെ സമഗ്രതയെ പരിരക്ഷിക്കാൻ 'കൃപാവരത്തിന്റെ അമ്മ' എന്ന പ്രയോഗം ഒഴിവാക്കുന്നതാണ് അഭിലഷണീയമെന്നു പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നു.
വലിയ വിവേകവും ശ്രദ്ധയും ആവശ്യമുള്ള ഒരു പ്രയോഗമാണ് 'മധ്യസ്ഥയായ മാതാവി എന്നത്. പരിശുദ്ധ മറിയം നമുക്കായി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കുന്നു എന്ന തിൽ സംശയമില്ല. നമുക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കാൻ മാതാവിനു കഴിയും എന്നു പറയുന്നതും 'അവൾ മധ്യസ്ഥയാണ്' എന്നു വിശേഷിപ്പിക്കുന്നതും തമ്മിലുള്ള ദൈവ ശാസ്ത്രപരമായ വ്യത്യാസത്തെയാണ് പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നത്. ദൈവ ത്തിനും മനുഷ്യനും ഇടയിൽ ഏകമധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്.
മിശിഹായുടെ ഏക മാധ്യസ്ഥ്യത്തിനു സമാനമായി മാതാവിൻ്റെ മാധ്യസ്ഥ്യാപേക്ഷയെ അവതരിപ്പിക്കരുത് എന്നതാണ് തിരുസഭയുടെ ബോധ്യം. ഈശോമിശിഹാ 'ഏക മധ്യ സ്ഥൻ' ആയിരിക്കുന്നത് അവിടന്ന് ഒരേസമയം പൂർണ ദൈവവും പൂർണ മനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്തിനും മനുഷ്യനും ഇടയിൽ മധ്യസ്ഥ്യത പുലർത്തുന്ന മറ്റാ രുമില്ല എന്നതാണ് 'മിശിഹാ ഏക മധ്യസ്ഥൻ' എന്നതിന്റെ അർഥം.
ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ, "മധ്യസ്ഥ' എന്നു മറിയത്തെ വിളിക്കുന്നതു തെറ്റിദ്ധാരണ കൾക്ക് ഇടവരുത്തും. ചുരുക്കത്തിൽ ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയിൽ ഈശോമി ശിഹായുടെ അതുല്യമായ അനന്യശ്രേഷ്ഠതയെ (uniqueness) ഊന്നിപ്പറയുകയാണ് ഈ പ്രബോധനരേഖയുടെ ലക്ഷ്യം.
പരിശുദ്ധ മറിയത്തോടുള്ള തിരുസഭയുടെ പരമ്പരാഗത ഭക്തിയെ പരിപോഷിപ്പിക്കുന്നതും ശരിയായ ദിശാബോധം നല്‌കുന്നതുമാണു പുതിയ പ്രബോധനരേഖപരിശുദ്ധ കന്യകാമറിയം തിരുസഭയിൽ ഉന്നതമായ വണക്കത്തിനു (hyperdulia) യോഗ്യയാണ്. കുരിശിൻറെ ചുവടുവരെ ഈശോയെ അനുഗമിക്കാൻതക്ക വിശ്വാസ ബോധ്യവും ആത്മധൈര്യവും മറിയത്തിനുണ്ടായിരുന്നു.
തൻ്റെ മരണത്തിനുമുൻപു കുരി ശിൽവച്ച് ഈശോ വിശ്വാസികൾക്കെല്ലാം അമ്മയായി പരിശുദ്ധ മറിയത്തെ നല്കിയതാണ് (യോഹ. 19:27), തിരുസഭയുടെ മാതാവും പ്രതീകവുമാകയാൽ പരിശുദ്ധ മറിയത്തിന്റെ ജീവിതം സഭയ്ക്കു മാതൃകയും പ്രചോദനവുമാണ്. ആത്മശരീരങ്ങളോടെ പരിശുദ്ധ കന്യകാമറിയം സ്വർഗത്തിലേക്കു സ്വീകരിക്കപ്പെട്ടെങ്കിൽ മറിയത്തെ അനുകരിക്കുന്ന സഭമുഴുവനും അതേ സ്വർഗപ്രവേശനത്തിന് അർഹമാണ്.
പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമാക്കുന്ന ജപമാലയും നൊവേനകളും ഉത്ത രീയഭക്തിയും കത്തോലിക്കാസഭയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. രക്ഷാകരപദ്ധതിയിൽ ഈശോയും മറിയവും വഹിച്ച പങ്കിനെ നിയതമായി നിർവചിക്കുന്ന ഈ പ്രബോധനരേഖയെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ നിക്ഷിപ്ത താത്‌പര്യങ്ങൾക്കും തെറ്റായ പഠനങ്ങൾക്കുമെതിരേ നമ്മൾ അതീവ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിക്കട്ടെ പരിശുദ്ധ അമ്മയുടെ പ്രാർഥനവഴിയായി നിങ്ങളെല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!