പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം വൈകുന്നേരം നാല് വരെ 54 ശതമാനം പോളിങ് രേഖപ്പെടുത്തി.
എട്ട് ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്. 3.75 കോടി വോട്ടര്‍മാരുടെ പിന്തുണ തേടി 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
പോളിങ് നടക്കുന്നതിനിടെ ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും കോണ്‍ഗ്രസും ആര്‍ജെഡിയും നേതൃത്വം നല്‍കുന്ന മഹാസഖ്യവും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
ആര്‍ജെഡിയുടെ കാട്ടുഭരണം ബിഹാറിനെ തകര്‍ത്തുവെന്നും ഇതില്‍ നിന്നും ബിഹാറിനെ രക്ഷിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെടുമ്പോള്‍ കഴിഞ്ഞ 20 വര്‍ഷമായി എന്‍ഡിഎയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ബിഹാറിലെ യുവാക്കള്‍ക്ക് എതിരായാണ് പ്രവര്‍ത്തിച്ചതെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.