കർദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം ജനുവരിയില്‍

കർദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം ജനുവരിയില്‍

വത്തിക്കാൻ സിറ്റി: കർദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം ജനുവരിയിൽ വിളിച്ചു ചേർക്കാനൊരുങ്ങി ലിയോ പതിനാലാമൻ മാർപാപ്പ. ജനുവരി ഏഴ്, എട്ട് തീയതികളിൽ വത്തിക്കാനിൽ സമ്മേളനം നടക്കും.

സമ്മേളനത്തിന്റെ മുഖ്യ അജൻഡ എന്താണെന്ന് വത്തിക്കാൻ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സമ്മേളനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ കത്ത് കർദിനാൾ കോളേജ് ഡീൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ഏകോപന ഓഫീസിന് ഉടൻ കൈമാറും.

സഭയുടെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളോ, എല്ലാ കർദിനാളന്മാരുടെയും അഭിപ്രായം ആരായേണ്ട സുപ്രധാന കാര്യങ്ങളോ ചർച്ച ചെയ്യാനാണ് മാർപാപ്പമാർ അസാധാരണ കൺസിസ്റ്ററികൾ വിളിച്ചുചേർക്കുന്നത്.

2022 ഓഗസ്റ്റ് 29, 30 തീയതികളിലാണ് ഇതിനുമുമ്പ് അസാധാരണ കൺസിസ്റ്ററി നടന്നത്. ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത ആ സമ്മേളനം റോമൻ കൂരിയയുടെ പരിഷ്കരണമാണ് പ്രധാനമായും ചർച്ച ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.