ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കഴാള്ച വൈകുന്നേരം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഉഗ്ര സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണെന്ന് സൂചന. സ്ഫോടനത്തിന് മുന്‍കാല ആക്രമണങ്ങളുമായി പ്രത്യേകിച്ച് പുല്‍വാമ ഭീകരാക്രമണവുമായി സാമ്യമുണ്ടെന്നാണ് പ്രാഥമിക തെളിവുകള്‍ നല്‍കുന്ന സൂചന.
പഹല്‍ഗാം ആക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കഴിഞ്ഞ ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകര സംഘടനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്റെ സൂചനയാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
2025 ജൂലൈയില്‍ ഭീകരരെ തുരത്താന്‍ സൈന്യം മഹാദേവ് എന്ന പേരില്‍ ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇന്ത്യന്‍ സൈന്യം ജെയ്‌ഷെ ഭീകരരെ കണ്ടെത്തി വധിക്കുന്ന സമയത്ത് അവര്‍ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെങ്കിലും ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തന രീതിയുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും നിഗമനത്തിലെത്തുന്നതിന് പഴയ കേസ് ഫയലുകള്‍ വീണ്ടും പരിശോധിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ സ്ഫോടനം നടന്ന സ്ഥലത്ത് ഗര്‍ത്തങ്ങളൊന്നും രൂപപ്പെട്ടിരുന്നില്ല. അതിനാല്‍ ഇത് നിയന്ത്രിത സ്ഫോടനമായിരുന്നുവെന്നാണ് സൂചന. കൂടാതെ ഇരകളുടെ ശരീരത്തില്‍ നിന്ന് ആണികളോ വയറുകളോ ലോഹ കഷണങ്ങളോ കണ്ടെത്താതുകൊണ്ട് ഇത് സാധാരണയായി ഉപയോഗിക്കുന്ന ചീളുകള്‍ നിറഞ്ഞ ഐഇഡി സ്ഫോടനമല്ലെന്ന് വ്യക്തമാക്കുന്നു. ജെയ്‌ഷെ മുഹമ്മദ് ബന്ധത്തിനപ്പുറമുള്ള മറ്റ് സാധ്യതകളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സ്‌ഫോടനത്തിനിരയാക്കിയ കാര്‍ ഹരിയാന രജിസ്‌ട്രേഷന്‍ ഹ്യൂണ്ടായ് ഐ 20 എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുഡ്ഗാവ് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സല്‍മാന്‍ എന്നയാളായിരുന്നുവെന്നും ഇയാള്‍ പിന്നീട് നദീം എന്നയാള്‍ക്ക് കാര്‍ വിറ്റുവെന്നുമാണ് വിവരം. വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താന്‍ പൊലീസ് ആര്‍ടിഒയുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമായ നിഗമനങ്ങള്‍ക്ക് പകരം ഫോറന്‍സിക് തെളിവുകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് നടക്കുന്ന ബിഹാറിലും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും ജമ്മു കാശ്മീരിലും ഉള്‍പ്പെടെ സുരക്ഷാ സൈന്യത്തിന്റെ വിന്യാസം വര്‍ധിപ്പിച്ചു.