മുംബൈ: ചികിത്സയിലായിരുന്ന മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്ര ആശുപത്രി വിട്ടതായി കുടുംബം അറിയിച്ചു. നടന്റെ ചികിത്സ വീട്ടില്‍ തുടരുമെന്ന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പ്രതിത് സാംദാനി പറഞ്ഞു.
ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31 നാണ് നടനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദേഹം സുഖം പ്രാപിക്കുന്നത് വരെ വീട്ടില്‍ ചികിത്സ തുടരും. ഈ സമയത്ത് കൂടുതല്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും കുടുംബം അറിയിച്ചു. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനുമാണ് പ്രാര്‍ഥിക്കുന്നത്. കാരണം അദേഹം നിങ്ങളെ സ്നേഹിക്കുന്നുവെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ധര്‍മ്മേന്ദ്ര അന്തരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു. ഇതിനെതിരെ നടന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. മാധ്യമങ്ങള്‍ തിടുക്കം കാട്ടി തെറ്റായ വര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മകള്‍ ഇഷ ഡിയോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. അച്ഛന് കുഴപ്പമൊന്നുമില്ലെന്നും അദേഹം സുഖം പ്രാപിച്ചു വരികയാണെന്നുമായിരുന്നു ഇഷയുടെ പ്രതികരണം.