'സ്ത്രീകളാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം': വനിതാ സംവരണ നിയമം നടപ്പാക്കാത്തതില്‍ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

'സ്ത്രീകളാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം': വനിതാ സംവരണ നിയമം നടപ്പാക്കാത്തതില്‍ കേന്ദ്രത്തിന്  നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് സുപ്രീം കോടതി. വനിതകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന നിയമം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലും സംവരണ നിയമം ഇല്ലാതെ തന്നെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി.വി നാഗരത്ന ചോദിച്ചു.

കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. 48 ശതമാനത്തോളം വരുന്ന സ്ത്രീകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമെന്നും ഇതവരുടെ രാഷ്ട്രീയ സമത്വത്തിന്റെ വിഷയമാണെന്നും കോടതി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും വനിതകള്‍ മതിയായ പ്രാതിനിധ്യത്തിനായി കോടതിയെ സമീപിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജയ ഠാക്കൂറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയത്തിന് കാത്തുനില്‍ക്കാതെ നിയമം നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

സംവരണം നടപ്പാക്കാനുള്ള ഉപാധിയായി സെന്‍സസ് നടത്തി മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. പുനര്‍നിര്‍ണയം എന്ന് നടക്കുമെന്ന് ചോദിച്ച സുപ്രീം കോടതി, നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്ന് ഓര്‍മിപ്പിച്ചു.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്ന് പാസാക്കിയ 'നാരി ശക്തി വന്ദന്‍' നിയമത്തിന് 2023 സെപ്റ്റംബര്‍ 28ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചിരുന്നു.

ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലുമുള്ള ആകെ സീറ്റുകളില്‍ മൂന്നിലൊരു ഭാഗം വനിതകള്‍ക്കായി സംവരണം ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഈ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2023 ല്‍ ജയ താക്കൂര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നെങ്കിലും സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല.

ഈ ഹര്‍ജി വീണ്ടും കോടതിക്ക് മുമ്പാകെ ഉന്നയിച്ചപ്പോഴാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഭരണഘടനയുടെ ആമുഖത്തില്‍ എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയവും സാമൂഹികവുമായ തുല്യതയ്ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.