ന്യൂഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഡോ. ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ സേന ബോംബ് വെച്ച് തകര്‍ത്തു. നിയന്ത്രിത പൊളിക്കലാണ് നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഒരു ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ച് ഇന്നലെ രാത്രിയാണ് വീട് തകര്‍ത്തത്.
തിങ്കളാഴ്ച നടന്ന ചെങ്കോട്ട സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഉമറിന്റെ കൃത്യമായ പങ്ക് വ്യക്തമായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന്,ജമ്മു കാശ്മീര്‍ പൊലീസ് ഉമറിന്റെ മൂന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഭീകരാക്രമണത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത കാശ്മീരില്‍ നിന്നുള്ള മറ്റ് രണ്ട് ഡോക്ടര്‍മാരുമായി ഉമര്‍ ബന്ധം പുലര്‍ത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതില്‍ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതും ഉള്‍പ്പെടുന്നു.