തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് യുവ ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പിയാണ് വീടിനകത്ത് തൂങ്ങി മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം കോര്‍പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാന്‍ ആനന്ദ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിക്കുകയും ചെയ്തിരുന്നു.

ജീവനൊടുക്കുന്നതിന് മുമ്പ് ആനന്ദ് സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് സന്ദേശം പുറത്തു വന്നിട്ടുണ്ട്. തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്നും ആര്‍.എസ്.എസ്, ബിജെപി നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ ആനന്ദ് ആരോപിക്കുന്നത്.

'എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല, പക്ഷേ ബിജെപി പ്രവര്‍ത്തകരെയും ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ഭൗതിക ശരീരം കാണാന്‍ പോലും അനുവദിക്കരുതെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ഒരു ആര്‍.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പു വരെയും ഞാനൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചത്. അതു തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്' എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.