മെക്‌സിക്കോയില്‍ വൈദികന്‍ കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് ബാഗിനുള്ളിലാക്കി മലിനജല കനാലില്‍ ഉപേക്ഷിച്ച നിലയില്‍

മെക്‌സിക്കോയില്‍ വൈദികന്‍ കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് ബാഗിനുള്ളിലാക്കി മലിനജല കനാലില്‍ ഉപേക്ഷിച്ച നിലയില്‍

ക്വാട്ടിറ്റ്‌ലാന്‍: മെക്‌സിക്കോയില്‍ കാണാതായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ചയിലേറെയായി കാണാതായ മെക്‌സിക്കോ ക്വാട്ടിറ്റ്‌ലാന്‍ രൂപതയിലെ ഫാ. ഏണസ്റ്റോ ബാള്‍ട്ടസാര്‍ ഹെര്‍ണാണ്ടസ് വില്‍ച്ചിസിന്റെ മൃതദേഹമാണ് ബാഗിനുള്ളിലാക്കി മലിനജല കനാലില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തതായി മെക്‌സിക്കോ സ്റ്റേറ്റിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. മറ്റൊരു സ്ത്രീക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഫാ. ഏണസ്റ്റോയെ മൂര്‍ച്ചയുള്ള ഒരു വസ്തുകൊണ്ട് ആക്രമിച്ചതായി സംശയിക്കുന്നുവെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പറഞ്ഞു. ഈ മുറിവുകളാണ് മരണ കാരണം.

പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ചേര്‍ന്ന് ഫാ. ഏണസ്റ്റോയുടെ മൃതദേഹം ബാഗുകളില്‍ ഒളിപ്പിച്ച് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ട്. അവര്‍ മൃതദേഹം അടങ്ങുന്ന ബാഗ് ഒരു മലിനജല കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അക്രമം നടത്തിയുള്ള കവര്‍ച്ചയ്ക്ക് 18 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

'ഫാ. ഏണസ്റ്റോയുടെ ജീവിതത്തിനും ശുശ്രൂഷയ്ക്കും സുവിശേഷത്തോടുള്ള അദേഹത്തിന്റെ ഉദാരമായ സമര്‍പ്പണത്തിനും ഇടവക സേവനത്തിനും നന്ദി പറയുന്നു. കേസിന്റെ വസ്തുതകള്‍ വ്യക്തമാക്കുന്നതിലേക്കും ഓരോ മനുഷ്യ ജീവിതത്തിനും അര്‍ഹിക്കുന്ന നീതി ലഭ്യമാക്കുന്ന അന്വേഷണങ്ങള്‍ നടത്തണമെന്നും അധികാരികളോട് ആവശ്യപ്പെടുന്നു' - ക്വാട്ടിറ്റ്‌ലാന്‍ രൂപതയിലെ ബിഷപ്പ് എഫ്രെയിന്‍ മെന്‍ഡോസ ക്രൂസ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.