ഉത്തര കൊറിയയില്‍ ക്രൈസ്തവരുടെ ജീവിതം നരകതുല്യം: അറസ്റ്റ് ചെയ്താല്‍ 'ക്വാന്‍-ലി-സോ'യിലേക്ക്; പിന്നെ മോചനമില്ല

ഉത്തര കൊറിയയില്‍ ക്രൈസ്തവരുടെ ജീവിതം നരകതുല്യം: അറസ്റ്റ് ചെയ്താല്‍ 'ക്വാന്‍-ലി-സോ'യിലേക്ക്; പിന്നെ മോചനമില്ല

പ്യോങ്യാങ്: ക്രൈസ്തവനായി ജീവിക്കാന്‍ ഏറ്റവും പ്രയാസമുള്ള 50 രാജ്യങ്ങളില്‍ മുന്‍ നിരയിലാണ് ഉത്തര കൊറിയ. ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉത്തര കൊറിയയില്‍ ഒരു ക്രിസ്ത്യാനി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ ദിവസങ്ങളോളം കഠിനമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. മര്‍ദനം, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, മാനസിക സമ്മര്‍ദം എന്നിവയാണ് പീഡന മുറ. കൂടാതെ, ബന്ധുക്കളെയോ, സഹ വിശ്വാസികളെയോ ഒറ്റിക്കൊടുക്കാനും അവരെ നിര്‍ബന്ധിക്കും.

പല ക്രിസ്ത്യാനികളെയും പ്രത്യേകിച്ച് ക്രൈസ്തവ നേതാക്കളെയോ, ഭൂമിക്കടിയിലെ ഒളിസങ്കേതങ്ങളില്‍ പ്രാര്‍ഥന സംഘടിപ്പിച്ചതായി ആരോപിക്കപ്പെടുന്നവരെയോ 'ക്വാന്‍-ലി-സോ' എന്നറിയപ്പെടുന്ന മനുഷ്യത്വ രഹിതമായ രാഷ്ട്രീയ ജയില്‍ ക്യാമ്പുകളിലേക്ക് അയയ്ക്കും.

അവിടെയുള്ള തടവുകാര്‍ക്ക് ഒരിക്കലും മോചനം സാധ്യമല്ല. ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അയാളുടെ കുടുംബാംഗങ്ങളെ മുഴുവന്‍ കൊണ്ടുപോയി ജീവിതകാലം മുഴുവന്‍ നിര്‍ബന്ധിത ജോലി, പട്ടിണി, ദുരുപയോഗം എന്നിവയ്ക്കു വിധിക്കുന്നു. പലപ്പോഴും അവര്‍ മരിക്കുന്നതുവരെ തടവിലായിരിക്കും.

ചിലപ്പോള്‍ വിശ്വാസികളുടെ കുടുംബാംഗങ്ങളെയും വിശ്വാസ സംബന്ധമായ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെയും 'ക്യോഹ്വാ-സോ'യിലേക്ക് അയക്കും. അവിടെയും വളരെ ക്രൂരമായ ശിക്ഷകളാണ് നടപ്പാക്കുന്നത്. തടവുകാര്‍ കഠിനമായ ജോലി, പട്ടിണി, പീഡനം, രോഗം എന്നിവ നേരിടുന്നു. ക്യാമ്പുകളിലെ ഭയാനകമായ സാഹചര്യങ്ങളില്‍ നിന്നും പലരും ജീവനോടെ രക്ഷപെടുന്നില്ല.

ഈ വര്‍ഷം നിരവധി ക്രൈസ്തവരാണ് അറസ്റ്റിലായിട്ടുള്ളത്. ബൈബിള്‍ കൈവശം വയ്ക്കുക, വീട്ടില്‍ പ്രാര്‍ഥിക്കുക, മറ്റുള്ളവരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തുക എന്നിവ പോലും ഒരു ക്രൈസ്തവന്‍ രാജ്യത്തിന്റെ ശത്രുവായി മുദ്രകുത്തപ്പെടാന്‍ കാരണമാകും.

അറസ്റ്റ്, തടവ്, മരണം എന്നീ ഭീഷണികള്‍ ഉണ്ടായിരുന്നിട്ടു പോലും ഉത്തര കൊറിയയില്‍ പലരും വിശ്വാസം ഉപേക്ഷിക്കുന്നില്ല. രഹസ്യമായി അവര്‍ തങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.