കണ്ണൂര്‍: പാനൂര്‍ പാലത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും സ്‌കൂള്‍ അധ്യാപകനുമായ കെ. പത്മരാജന് മരണം വരെ ജീവപര്യന്തം. തലശേരി അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി എം.ടി ജലജാ റാണിയുടേതാണ് വിധി.
രണ്ട് ലക്ഷം രൂപ പ്രതി പിഴയായി അടക്കണമെന്നും കോടതി വിധിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍വച്ചു മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് കേസ്.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ. പത്മരാജന്‍ (52)കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 376 എ, 376 ബി വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പോക്സോ ആക്ട് പ്രകാരം ആദ്യം 20 വര്‍ഷം കഠിന തടവും ഇതിന് ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം കുട്ടി മാതൃ സഹോദരിയോട് പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പാനൂര്‍ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നല്‍കി.
സംഭവം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോക്സോ ചുമത്തി കേസെടുത്തു. ഏപ്രില്‍ 15 ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാല് സംഘം മാറിമാറി അന്വേഷിച്ച കേസില്‍ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ അന്തിമ കുറ്റപത്രം നല്‍കിയത്.
ക്രൈംബ്രാഞ്ച് പോക്സോ ഒഴിവാക്കി കുറ്റപത്രം നല്‍കിയത് വിവാദമായിരുന്നു. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന എസ്. ശ്രീജിത്ത് ഫോണ്‍ സംഭാഷണത്തില്‍ പ്രതിയെ അനുകൂലിച്ച് സംസാരിച്ചതായുള്ള വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു.
പെണ്‍കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്തി അന്തിമ കുറ്റപത്രം നല്‍കിയത്.
പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതിന് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി ഹാജരായി.