കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് പുഴയില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന്  പുഴയില്‍  തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി   പുഴയില്‍   തള്ളിയ കേസില്‍ ഒന്നാം പ്രതിക്ക് വധ ശിക്ഷ. നിലമ്പൂര്‍ മുതുത്തോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷിനാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധ ശിക്ഷ വിധിച്ചത്.

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് കാമുകനും വനിതാ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് കേസിലെ പ്രതികള്‍.

ഒന്നാം പ്രതി പ്രബീഷും രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടില്‍ രജനിയും കുറ്റക്കാരാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂര കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. അനിതയുടെ മൃതദേഹം 2021 ജൂലൈ പത്തിന് പൂക്കൈത ആറില്‍ നിന്ന് കണ്ടെത്തിയത്.

വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതിന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രബീഷും രജനിയും ചേര്‍ന്ന് കൊലപാതകം നടത്തിയത്.

രണ്ടാം പ്രതി രജനി മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് ഒഡിഷയിലെ റായ്ഘട്ട് ജയിലിലാണ്. രജനിയെ പ്രൊഡക്ഷന്‍ വാറന്റ് വഴി 29 ന് ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. അതിനു ശേഷം രജനിയുടെ ശിക്ഷ പറയും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.