ജക്കാർത്ത: ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്കാ സഭകളുടെ മിഷ്ണറി കോൺഗ്രസ് മലേഷ്യയിലെ പെനാങിൽ വെച്ച് നവംബർ 27 മുതൽ 30 വരെ നടക്കും. 'പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിലൂന്നിയാണ് ഈ സുപ്രധാന സമ്മേളനം സംഘടിപ്പിക്കുന്നത്.
ഏഷ്യയിലെ മെത്രാൻ സമിതി, സുവിശേഷവൽക്കരണ കാര്യാലയം, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ എന്നിവ സംയുക്തമായാണ് കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. മിഷൻ പ്രവർത്തനങ്ങൾക്കായി യുവജനങ്ങളെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സമ്മേളനം പ്രധാനമായും ചർച്ച ചെയ്യും.
ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളെയും പ്രതിനിധീകരിച്ച് ആയിരത്തോളം പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും. ഇതിൽ 10 കർദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, 150 ൽ അധികം വൈദികർ, 75 സന്യാസിനികൾ, 500 ൽ അധികം അത്മായർ എന്നിവർ ഉൾപ്പെടുന്നു. ഏഷ്യയിലെ സഭയുടെ ഭാവി പ്രവർത്തനങ്ങൾക്കും പാതയ്ക്കും കോൺഗ്രസ് രൂപം നൽകും.
നവംബർ 27 ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. "പ്രത്യാശയുടെ നവീകരിക്കപ്പെട്ട തീർത്ഥാടകരായി മറ്റൊരു പാത സ്വീകരിക്കുക" എന്ന വിഷയത്തിലായിരിക്കും അദേഹത്തിൻ്റെ പ്രസംഗം.
നവംബർ 28 ന് "ഏഷ്യയിലെ ജനങ്ങളായി ഒരുമിച്ച് നടക്കുക" എന്ന വിഷയത്തിൽ മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് സൈമൺ പൊഹ് പ്രഭാഷണം നടത്തും.