വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ പുതിയ അണ്ടർ സെക്രട്ടറി; മോൺ. ജോസഫ് ബർലാഷിനെ നിയമിച്ച് ലിയോ മാർപാപ്പ

വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ പുതിയ അണ്ടർ സെക്രട്ടറി; മോൺ. ജോസഫ് ബർലാഷിനെ നിയമിച്ച് ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യൻ്റെ സമഗ്ര വികസനം, അന്തസ്, മനുഷ്യാവകാശങ്ങൾ, ആരോഗ്യം, നീതി, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന സുപ്രധാന ദൗത്യം നിർവഹിക്കുന്ന വത്തിക്കാൻ്റെ സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ അണ്ടർ സെക്രട്ടറിയായി സ്ലോവാക്യൻ സ്വദേശിയായ മോൺ. ജോസഫ് ബർലാഷിനെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. വർഷങ്ങളായി വത്തിക്കാൻ ഭരണരംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് മോൺ. ജോസഫ്. 2020 ഒക്ടോബർ മുതൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പൊതുകാര്യ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദേഹം.

ഈ അനുഭവ സമ്പത്താണ് പുതിയ നിയമനത്തിലേക്ക് വഴിതുറന്നത്. 1985 മെയ് ഏഴിന് സ്ലോവാക്യയിലെ സ്നിനയിൽ ജനിച്ച മോൺ. ജോസഫ് ബർലാഷ് 2010 ജൂൺ 19 നാണ് കോസീസ് അതിരൂപതയിൽ വൈദികനായി അഭിഷിക്തനായത്. 2022 ൽ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

മാതൃഭാഷ കൂടാതെ ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങിയ പ്രധാന ഭാഷകളിൽ അദേഹത്തിന് പ്രാവീണ്യമുണ്ട്. പരിശുദ്ധ സിംഹാസനത്തിനായുള്ള സേവനത്തിൻ്റെ ഈ പുതിയ ഘട്ടത്തിൽ താൻ സന്തോഷവാനാണെന്ന് മോൺ. ജോസഫ് പ്രതികരിച്ചു. ഒറ്റയ്ക്ക് ആയിരിക്കുന്നതിലൂടെയല്ല, മറിച്ച് ഒരുമിച്ച് ആയിരിക്കുന്നതിലൂടെ പരിശുദ്ധ പിതാവിനും സഭയ്ക്കും വേണ്ടിയുള്ള സേവനത്തിൻ്റെ ഒരു യഥാർത്ഥ ഉപകരണമായി മാറുവാൻ ശ്രമിക്കുമെന്നും മോൺ. ജോസഫ് വ്യക്തമാക്കി. ഡിക്കാസ്റ്ററിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ നിയമനം സഹായകമാവുമെന്നാണ് വിലയിരുത്തൽ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.