ഹോങ്കോങ്: ചൈനയില്‍ വടക്കന്‍ തായ്‌പേയിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളില്‍ വന്‍ തീപ്പിടിത്തം. ഒന്നിലധികം ബഹുനില കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു.
കുറഞ്ഞത് 13 പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. മരണസംഖ്യ കൂടിയേക്കുമെന്ന ആശങ്കയുണ്ട്. 12 പേരുടെ മൃതദേഹം കണ്ടെടുത്തു. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരം 6.20 ഓടെയായിരുന്നു സംഭവം. 31 നിലകളുള്ള കെട്ടിടത്തില്‍ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എഴുനൂറിലധികം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.

വടക്കന്‍ തായ്‌പേയിലെ വാങ് ഫുക് ഭവന സമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. ഈ ഭാഗത്ത് രണ്ടായിരത്തോളം പാര്‍പ്പിട സമുച്ചയങ്ങളുണ്ട്. എത്ര പേരാണ് അകത്ത് കുടുങ്ങിക്കിടക്കുന്നതെന്ന വവരം ഇനിയും ലഭ്യമല്ലെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിനിടെ അഗ്‌നിരക്ഷാ സേനയിലെ ഹോ വൈ-ഹോ എന്ന മുപ്പത്തേഴുകാരന് ജീവന്‍ നഷ്ടമാവുകയും പലര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
നിരവധി ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സുകളും പ്രദേശത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.