സ്റ്റോക്ക്ഹോം: ചരിത്രത്തിലാദ്യമായി രസതന്ത്ര നോബൽ സമ്മാനം രണ്ടു വനിതകൾ പങ്കിട്ടു. ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമ്മാനുവാലേ ചാർപന്റിയെറും, അമേരിക്കൻ ശാത്രജ്ഞ ജെന്നിഫർ എ. ഡൗഡ്നയും ജനിതക വ്യതിയാനം മൂലം ഉണ്ടാകാവുന്ന രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുന്ന 'ക്രിസ്പ്ർ മോളിക്യുലാർ കത്രിക' എന്ന ജീൻ എഡിറ്റിംഗ് രീതി വികസിപ്പിച്ചെടുത്താണ് അവാർഡ് നേടിയെടുത്തത്. പുരസ്കാര ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കുമ്പോൾ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്റെ സെക്രട്ടറി ജനറൽ ഗോരൻ കെ. ഹാൻസൺ പറഞ്ഞു “ഈ വർഷത്തെ സമ്മാനം ജീവിത കോഡ് മാറ്റിയെഴുതുന്നതിനാണ്.”
രസതന്ത്രത്തിൽ സമ്മാനം നേടിയ അഞ്ചാമത്തെയും ആറാമത്തെയും വനിതകളായ ഡോ. ചാർപന്റിയറും ഡോ.ഡൗഡ്നയും ക്രിസ്പർ-കാസ് 9 ജീൻ എഡിറ്റിങ്ങിന്റെ പ്രാരംഭ പ്രവർത്തനത്തിന് തുടക്കമിട്ടു, മൃഗങ്ങളുടെയും സസ്യങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും ഡിഎൻഎ വളരെ ഉയർന്ന കൃത്യതയോടെ മാറ്റാൻ ഗവേഷകരെ അനുവദിക്കുന്ന ഒരുതരം ജനിതക കത്രികയാണു ക്രിസ്പർ-കാസ് 9. അതിനുശേഷം, ജനിതകമാറ്റം വരുത്തിയ വിളകൾ മുതൽ സിക്ക്ൾ സെൽ രോഗം, പാരമ്പര്യ അന്ധത തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള ചികിത്സാ വികസിപ്പിക്കുന്നതുവരെ നിരവധി ശാസ്ത്രീയ ചികിൽസാവിധികൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ വേഗതയേറിയതും കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ ക്രിസ്പർ ടെക്നോളജി ബയോളജിയിലെ എല്ലാ മേഖലകളിലെയും പ്രശ്നങ്ങൾ ജീൻ എഡിറ്റിങ് പരിഹരിക്കുന്നുവെന്നും, അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിലെ കെമിക്കൽ അബ്‌സ്ട്രാക്റ്റ് സർവീസിലെ ഇൻഫർമേഷൻ സയന്റിസ്റ്റ് ഏഞ്ചല സൌ പറഞ്ഞു.

ജനിതക വൈകല്യങ്ങൾ പരിഹരിക്കുന്നതിന് ഏത് ജീനുകളും ഇപ്പോൾ എഡിറ്റു ചെയ്യാനാകുമെന്നും; അതീവശക്തിയുള്ള ഈ സാങ്കേതിക വിദ്യ മനുഷ്യകുലം അത്യധികം സൂക്ഷ്മതയോടു കൂടെ ഉപയോഗിക്കേണ്ടതാണെന്നും രസതന്ത്രത്തിനുള്ള നോബൽ കമ്മിറ്റി ചെയർമാൻ ക്ലോസ് ഗുസ്താഫ്‌സൺ അഭിപ്രായപ്പെട്ടു.