തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി ലത്തീന്‍ കത്തോലിക്കാ സഭ. തിരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മൂല്യാധിഷ്ഠിത നിലപാട് എടുക്കാന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ഡിസംബര്‍ ഏഴിന് ലത്തീന്‍ കത്തോലിക്കാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഇടയ ലേഖനത്തിലാണ് ആഹ്വാനം.
വിഭജനത്തിന്റെയും വെറുപ്പിന്റേയും വെല്ലുവിളികളും പ്രതിസന്ധികളും നേരിടുകയാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം. കൂടുതല്‍ ജാഗ്രതയോടെയും ഐക്യത്തോടെയും ശക്തിയോടെയും മുന്നേറാന്‍ കഴിയണമെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുതിരുന്നില്ല. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ചെല്ലാനം- ഫോര്‍ട്ട്‌കൊച്ചി തീരം ഉള്‍പ്പെടെ കടല്‍ത്തീരം സംരക്ഷിക്കാനായി പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലെന്നും ഇടയ ലേഖനത്തില്‍ പറയുന്നു.
തീരദേശ ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകളും വര്‍ധിക്കുകയാണ്. സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. ദളിത് ക്രൈസ്തവരുടെ പട്ടികജാതി പദവി അനിശ്ചിതമായി നീണ്ടുപോകുന്നു. മലയോര മേഖല വന്യജീവി ഭീതിയിലാണ്. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്റെ ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നും ഇടയ ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ലോക്‌സഭയിലും നിയമസഭയിലും ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇടയ ലേഖനത്തില്‍, മുനമ്പം വിഷയത്തില്‍ ഹൈക്കോടതി വിധിയെയും സര്‍ക്കാര്‍ നടപടികളെയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മെത്രാന്‍ സമിതി പറയുന്നു. നവംബര്‍ 30 ന് എല്ലാ ലത്തീന്‍ കത്തോലിക്കാ ഇടവകകളിലും ഇടയ ലേഖനം വായിക്കും.