പാലക്കാട് : ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്ന് സൂചന. ജില്ലയിൽ തന്നെയുള്ള രഹസ്യ കേന്ദ്രത്തിലുണ്ടെന്നാണ് വിവരം.
ഇന്നലെ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന തരത്തിലുള്ള വാര്‍ത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കൻമാര്‍ക്ക് പോലും അദേഹം എവിടെയാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. ഇന്നലെ രാവിലെ അൽപ സമയം മാത്രമാണ് രാഹുലിന്‍റെ ഫോൺ ഓണായത്. പിന്നീട് ഓഫാവുകയും ചെയ്തു. അതിനിടെ അദേഹത്തിന്‍റെ എംഎൽഎ വാഹനം പാലക്കാട്ടെ ഒരു ഫ്ലാറ്റിലുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവ് തേടിയിരിക്കുകയാണ് പൊലീസ്. യുവതി നൽകിയ മെഡിക്കൽ രേഖകളുടെയും ഓഡിയോ റെക്കോഡുകളുടെയും ആധികാരികത പരിശോധിക്കുകയാണ്. ഡോക്ടർമാരുടെ അടക്കം മൊഴി രേഖപ്പെടുത്തും.
തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ അസിസ്റ്റന്‍റ് കമ്മീഷണർ വി.എസ് ദിനരാജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിനായുള്ള തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. രാഹുൽ രാജ്യം വിട്ടുപോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.