നൈജീരിയയിൽ തട്ടിക്കൊണ്ടു പോകലുകൾ വർധിക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജിവെച്ചു ; പുതിയ തലവനായി മുൻ സൈനിക തന്ത്രജ്ഞൻ

നൈജീരിയയിൽ തട്ടിക്കൊണ്ടു പോകലുകൾ വർധിക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജിവെച്ചു ; പുതിയ തലവനായി മുൻ സൈനിക തന്ത്രജ്ഞൻ

അബൂജ: രാജ്യത്ത് തട്ടിക്കൊണ്ടു പോകലുകളുടെയും സായുധ ആക്രമണങ്ങളുടെയും താണ്ഡവം തുടരുന്നതിനിടെ നൈജീരിയൻ പ്രതിരോധ മന്ത്രി മുഹമ്മദ് ബദരു അബൂബക്കർ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവിച്ചെങ്കിലും രാജ്യവ്യാപകമായി വർധിക്കുന്ന സുരക്ഷാ വെല്ലുവിളികളുടെ സമ്മർദമാണ് രാജിക്ക് കാരണമായതെന്നാണ് സൂചന.

2023 ഓഗസ്റ്റിൽ ചുമതലയേറ്റ അബൂബക്കർ തന്റെ തീരുമാനം അറിയിച്ചുകൊണ്ട് പ്രസിഡന്റ് ബോല ടിനുബുവിന് കത്ത് നൽകി. ടിനുബു രാജി സ്വീകരിച്ചതായും, രാജ്യത്തിനായി ചെയ്ത സേവനങ്ങൾക്ക് നന്ദി അറിയിച്ചതായും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.

സുരക്ഷാ പ്രതിസന്ധി മറികടക്കാൻ ഉടനടി നടപടിയെടുത്ത് പ്രസിഡന്റ് ടിനുബു വിരമിച്ച 58 കാരനായ ജനറൽ ക്രിസ്റ്റഫർ മൂസയെ പുതിയ പ്രതിരോധ മന്ത്രിയായി നാമനിർദേശം ചെയ്തു. നൈജീരിയയിലെ ഏറ്റവും പരിചയസമ്പന്നനും തന്ത്രശാലിയുമായ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് മൂസ. 2023 ജൂൺ മുതൽ 2025 ഒക്ടോബർ വരെ അദേഹം പ്രതിരോധ സ്റ്റാഫ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാജ്യത്തെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നു എന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 490 പേരെയാണ് സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയത്.

ഇതിൽ മധ്യ നൈജർ സംസ്ഥാനത്തെ കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 250 ഓളം വിദ്യാർത്ഥികളെയും 12 അധ്യാപകരെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വടക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ ഒരു ക്രിസ്ത്യൻ പാസ്റ്ററും ഒരു മുസ്ലീം വധുവും ഉൾപ്പെടെ 20 പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു.

പുതിയ മന്ത്രിയുടെ നിയമനം വഴി ഈ ഭീകരമായ തട്ടിക്കൊണ്ടുപോകൽ പ്രതിസന്ധിക്ക് അറുതി വരുത്താൻ നൈജീരിയൻ ഭരണകൂടത്തിന് സാധിക്കുമോ എന്ന ആകാംഷയിലാണ് രാജ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.