'രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടി ഉചിതം': പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ  നടപടി ഉചിതം':  പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

എഐസിസിയുടെ അനുമതി വാങ്ങിയാണ് തീരുമാനം. അനുമതിക്ക് നേരത്തെ തന്നെ ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് എംഎല്‍എ സ്ഥാനം രാജി വയ്ക്കണമോ എന്നത് രാഹുലിന്റെ തീരുമാനമാണെന്നും സണ്ണി ജോസഫ് ഇടുക്കിയില്‍ പറഞ്ഞു.

വി.ഡി സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. അത് ഇന്ന് പ്രഖ്യാപിച്ചെന്നേയുള്ളൂ. തീരുമാനം എടുക്കാന്‍ വൈകിയിട്ടില്ല.

ആദ്യ പരാതി വന്നപ്പോള്‍ സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ പരാതി വന്നപ്പോള്‍ നേതാക്കള്‍ ആലോചിച്ച് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചു. തന്റെ പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ അഭിമാനമുണ്ടെന്നും ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സതീശന്‍ പറഞ്ഞു.

പരാതി വന്നപ്പോള്‍ രാഹുലിനെ രക്ഷപെടുത്താനോ കുട പിടിച്ച് കൊടുക്കാനോ ശ്രമിച്ചില്ല. അപ്പോള്‍ തന്നെ പൊലീസിന് നല്‍കി. എകെജി സെന്ററില്‍ മാറാല പിടിച്ച് ഒരുപാട് പരാതികള്‍ കിടപ്പുണ്ട്. അവ ഇനിയെങ്കിലും പൊലീസിനെ ഏല്‍പ്പിക്കണം. അതിലും ഇത്തരം മാതൃകാപരമായ തീരുമാനം എടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കെ.സി വേണുഗോപാല്‍

പൊതുജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഛായ നിലനിര്‍ത്തുന്നതിനായുള്ള നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കണ്ണൂരില്‍ പറഞ്ഞു.

പരാതി കിട്ടിയുടന്‍ കെപിസിസി പ്രസിഡന്റ് അത് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പലരും മടിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത് ധീരമായ തീരുമാനമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ മറച്ചുവെച്ച് എല്ലാവരും ഈയൊരു വിഷയത്തിലേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്ത് ഒതുക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കെ. മുരളീധരന്‍

രാഹുലിന്റെ അധ്യായം ക്ലോസ് ചെയ്തെന്നും ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും മുന്‍ എംപി കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ധാര്‍മികതയുള്ള പ്രവര്‍ത്തിയല്ല രാഹുല്‍ ചെയ്തത്. പൊതുരംഗത്ത് പുലര്‍ത്തേണ്ട മാന്യത പുലര്‍ത്താന്‍ അദേഹത്തിനായില്ല. രാഹുലിനായി പാര്‍ട്ടിയില്‍ ഇനിയാരും വാദിക്കരുതെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതി വിധിയും കെപിസിസി ഇടപെടലും സ്വാഗതം ചെയ്യുന്നു. രണ്ട് നടപടികളും പൊതുസമൂഹത്തിന് സന്തോഷം പകരുന്നതാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി ആവശ്യമില്ല. രാഹുലിനെ പാര്‍ട്ടിക്ക് ഇനി വേണ്ടതില്ല. സൈബര്‍ ആക്രമണങ്ങളെ താന്‍ ഭയപ്പെടുന്നില്ല. കൂലിത്തല്ലുകാരെ ആര് പേടിക്കാനാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.