അബുജ : നൈജീരിയയിൽ ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഒരു തുടർക്കഥയായി മാറുകയാണ്. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും ഒടുവിൽ ഒരു കത്തോലിക്കാ പുരോഹിതനെ കൂടി ആയുധധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയി.
ഡിസംബർ രണ്ടിന് രാവിലെ 11. 30 ഓടെയാണ് സംഭവം. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള സാരിയ രൂപതയ്ക്ക് കീഴിലെ റൂമിയിലെ സെന്റ് പീറ്റേഴ്‌സ് ഇടവകയിലെ റെക്ടറിയിൽ നിന്നാണ് ഫാ. ഇമ്മാനുവൽ എസെമയെ അക്രമികൾ തട്ടിക്കൊണ്ടു പോയത്. വൈദികന്റെ ഉടനടിയുള്ള മോചനത്തിനായി പ്രാർഥിക്കാൻ വിശ്വാസികളോട് അഭ്യർഥിച്ചുകൊണ്ട് സാരിയ രൂപതയുടെ ചാൻസലർ ഫാദർ ഇസെക് അഗസ്റ്റിൻ ഒപ്പിട്ട പ്രസ്താവന പുറത്തിറക്കി.
നൈജീരിയയിൽ സാമ്പത്തിക ലാഭത്തിനായി നടത്തുന്ന തട്ടിക്കൊണ്ടുപോകലുകൾ എല്ലാ സാമൂഹിക വിഭാഗങ്ങളെയും ബാധിക്കുന്നുണ്ട്. വർധിച്ചു വരുന്ന ഈ അരക്ഷിതാവസ്ഥ രാജ്യത്ത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ക്രമസമാധാന നില അതീവ ഗുരുതരമായ സാഹചര്യത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു.