തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ടിനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ടിനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകുന്നേരം ആറിനാണ് കലാശക്കൊട്ട്. അനൗണ്‍സ്മെന്റുകളും ജാഥകളും പ്രകടനങ്ങളും ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. തുടര്‍ന്നുള്ള ഒരു ദിനം നിശബ്ദ പ്രചാരണം നടക്കും.

ബഹളങ്ങളില്ലാത്ത വോട്ടു തേടലിന്റെ ഒരു ദിനം പിന്നിട്ട് ചൊവ്വാഴ്ച ജനങ്ങള്‍ സമ്മതിദാനം രേഖപ്പെടുത്തിനായി പോളിങ് ബൂത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉള്‍പ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്ക് 36,630 സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്. ഏഴ് ജില്ലകളിലായി 1.31 കോടി വോട്ടര്‍മാരും 15,432 പോളിങ് ബൂത്തുകളുമാണ് ഉള്ളത്.

ചൊവ്വാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളില്‍ മോക് പോളിങ് നടത്തും. തുടര്‍ന്ന് ഏഴോടെ വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വീഡിയോ ഗ്രാഫര്‍മാരും വെബ് കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്ന് വോട്ടും നഗരസഭയില്‍ ഒരു വോട്ടും രേഖപ്പെടുത്താവുന്നതാണ്. കൂടാതെ ക്രമസമാധാന പാലനത്തിന് 70,000 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

കലാശക്കൊട്ടില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ 48 മണിക്കൂര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഉണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.