പാലക്കാട്: തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഗ്രൂപ് ചെയര്‍മാനും മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുമായ വി.പി. മുഹമ്മദലിയെ കോതകുറിശിയില്‍ നിന്നാണ് കണ്ടെത്തിയത്. അക്രമികള്‍ ഉറങ്ങിയ സമയം തടവില്‍ പാര്‍പ്പിച്ച വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഇയാള്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മുഹമ്മദലിയെ വാണിയംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപത്ത് നിന്നുമാണ് മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയത്.
ബിസിനസ് വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് വിവരം. ചാലിശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപത്ത് നിന്ന് ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. കൂറ്റനാട് ഭാഗത്ത് നിന്ന് ആറങ്ങോട്ടുകരയിലേക്ക് പോകുകയായിരുന്നു മുഹമ്മദലി.
ഇദേഹത്തിന്റെ വാഹനം പിന്തുടര്‍ന്ന് ഇന്നോവ കാറില്‍ എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് തോക്കുചൂണ്ടി മുഹമ്മദലിയെ കാറില്‍ നിന്ന് ഇറക്കി തങ്ങളുടെ വാഹനത്തില്‍ ബലമായി കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായാണ് തിരച്ചില്‍ നടത്തിയത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.