വെടിയൊച്ചകൾക്ക് മീതെ പ്രാർത്ഥനയുടെ മണിമുഴക്കം ; ഗാസയിൽ അതിജീവനത്തിന്റെ ക്രിസ്മസെന്ന് ഫാ. ഗബ്രിയേൽ

വെടിയൊച്ചകൾക്ക് മീതെ പ്രാർത്ഥനയുടെ മണിമുഴക്കം ; ഗാസയിൽ അതിജീവനത്തിന്റെ ക്രിസ്മസെന്ന് ഫാ. ഗബ്രിയേൽ

ഗാസ സിറ്റി: വെടിയൊച്ചകളും വിലാപങ്ങളും നിറഞ്ഞ ഗാസയുടെ തെരുവുകളിൽ ഇത്തവണയും ക്രിസ്മസ് എത്തുകയാണ്. ആയുധങ്ങളുടെ മുഴക്കത്തേക്കാൾ ഉച്ചത്തിൽ അവിടെ ഇപ്പോൾ കേൾക്കുന്നത് സമാധാനത്തിനായുള്ള പ്രാർത്ഥനകളാണ്. വിശുദ്ധ നാട്ടിലെ കലുഷിതമായ സാഹചര്യത്തിലും പ്രത്യാശ കൈവിടാതെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയം.

യുദ്ധം തകർത്ത ആത്മവീര്യത്തെ തിരിച്ചുപിടിക്കാൻ ആത്മീയ ജീവിതത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. "യുദ്ധത്തിന്റെ ബഹളങ്ങൾക്കിടയിലും ദിവസവും ഒരു മണിക്കൂർ നിശബ്ദ ധ്യാനത്തിനായി മാറ്റിവെക്കുന്നു. ദൈവവുമായുള്ള ഈ ബന്ധമാണ് സമാധാനം നിലനിർത്താൻ സഹായിക്കുന്നത്. കാൽവരി എപ്പോഴും പ്രത്യാശയെക്കുറിച്ചാണ് സംസാരിക്കുന്നത്. ദുരിതങ്ങൾക്കിടയിലും ക്രിസ്മസ് സന്തോഷം പങ്കിടാൻ വിശ്വാസികൾ ശ്രമിക്കുന്നു." - ഫാദർ കൂട്ടിച്ചേർത്തു.

യുദ്ധം തുടങ്ങിയ നാൾ മുതൽ ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകൾക്ക് അഭയ കേന്ദ്രമാണ് ഈ ദേവാലയം. നിലവിൽ എഴുനൂറോളം പേർ ഇവിടെ അഭയം തേടിയിട്ടുണ്ട്. അവർക്ക് ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും നൽകി യുദ്ധ മുഖത്ത് സ്നേഹത്തിന്റെ സാന്ത്വനമാകുകയാണ് ഈ ഇടവക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.