നേപ്പിഡോ: ആഭ്യന്തര സംഘർഷം രൂക്ഷമായ മ്യാൻമറിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി സൈനിക ഭരണകൂടം (ജുണ്ട). ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് ദേവാലയങ്ങളിൽ ഒത്തുചേരുന്നതിനോ പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനോ അനുവാദമില്ലെന്ന് സൈന്യം ഉത്തരവിട്ടു. ഡിസംബർ 28 ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് ഈ നടപടിയെന്ന് ഭരണകൂടം വിശദീകരിക്കുന്നു.
ഡിസംബർ 25 ന് പള്ളികളിലോ പൊതുസ്ഥലങ്ങളിലോ ജനങ്ങൾ ഒത്തുചേരുന്നത് തടയാൻ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മിലിട്ടറി കൗൺസിലിന്റെ മുന്നറിയിപ്പ്.
തിരഞ്ഞെടുപ്പ് സുരക്ഷയുടെ പേരിൽ മതസ്വാതന്ത്ര്യം ഹനിക്കുന്ന സൈന്യത്തിന്റെ നടപടിയിൽ വിശ്വാസികൾ വലിയ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മ്യാൻമറിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ദേവാലയങ്ങൾക്ക് നേരെ വ്യാപകമായ സൈനികാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നിയന്ത്രണങ്ങളെന്ന് സൈന്യം അവകാശപ്പെടുമ്പോഴും ഇത് ന്യൂനപക്ഷ വേട്ടയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് സുരക്ഷാ ഏജൻസികൾ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ദേവാലയങ്ങൾക്ക് നേരെ സൈനിക നീക്കം നടക്കുന്നതായും വിവരമുണ്ട്.