മനില: തെക്കു കിഴക്കൻ ഏഷ്യയിലെ ദ്വീപുരാഷ്ട്രമായ ഫിലിപ്പീൻസിൽ ലോകത്തെ തന്നെ ഏറ്റവും ദൈർഘ്യമേറിയ
ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. തലസ്ഥാനമായ മനിലയിലെ തെരുവോരങ്ങൾ വർണാഭമായ വിളക്കുകളാലും ക്രിസ്മസ് അലങ്കാരങ്ങളാലും സജീവമായിക്കഴിഞ്ഞു. മാസങ്ങൾ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഫിലിപ്പീൻസിലെ ക്രിസ്മസിന്റെ പ്രധാന ആകർഷണം.
മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫിലിപ്പീൻസിൽ ക്രിസ്മസ് ഒരുക്കങ്ങൾ സെപ്റ്റംബറിൽ തന്നെ ആരംഭിക്കുന്നു. 'ബർ' (Ber months) മാസങ്ങൾ തുടങ്ങുന്നതോടെ റേഡിയോ സ്റ്റേഷനുകളിലും പാർക്കുകളിലും ക്രിസ്മസ് ഗാനങ്ങൾ മുഴങ്ങും. ഏകദേശം 80 ശതമാനത്തോളം കത്തോലിക്കാ വിശ്വാസികളുള്ള രാജ്യം എന്ന നിലയിൽ വർഷത്തിലെ ഏറ്റവും വലിയ ആഘോഷമാണിത്.
ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന കൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങളും മാളുകളും മിന്നിത്തിളങ്ങുന്ന ദീപാലങ്കാരങ്ങളാൽ നക്ഷത്രക്കൂട്ടങ്ങളെപ്പോലെ ദൃശ്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ മനിലയിലുള്ളത്. താഴെ നിരത്തുകളിലെ വൻമരങ്ങളിൽ ചില്ലകൾ തോറും അലങ്കാര വിളക്കുകൾ ചാർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് തെരുവുകളിലേക്ക് ഒഴുകുന്നത്.
ഡിസംബർ പകുതിയോടെ മതപരമായ ചടങ്ങുകളും കുടുംബ സംഗമങ്ങളും വിരുന്നുകളും സജീവമാകും. ക്രിസ്മസ് അടുക്കുന്നതോടെ ആഘോഷങ്ങൾ അതിന്റെ പൂർണതയിലെത്തും. ജനലക്ഷങ്ങൾ ഒത്തുചേരുന്ന ഈ ആഘോഷരാവുകൾ ഫിലിപ്പീൻസിന്റെ ടൂറിസം മേഖലയ്ക്കും വലിയ ഉണർവാണ് നൽകുന്നത്.