കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പ്രതികരണവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത.
തനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍, അതപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അവര്‍ പറഞ്ഞു. താനൊരു ഇരയോ അതിജീവിതയോ അല്ലെന്നും സാധാരണ മനുഷ്യനാണെന്നും ജീവിക്കാന്‍ അനുവദിക്കൂവെന്നും നടി അഭ്യര്‍ത്ഥിച്ചു.
'നിങ്ങള്‍ക്കോ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ', എന്ന് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് നടി മറുപടി നല്‍കി.
അതിജീവിതയുടെ സാമൂഹിക മാധ്യമ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്.
അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.
ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.
ഇരയല്ല, അതിജീവിതയുമല്ല. ഒരു സാധാരണ മനുഷ്യന്‍.
ജീവിക്കാന്‍ അനുവദിക്കൂ.