ഗാസ സിറ്റി: തോക്കുകൾക്കും ബോംബുകൾക്കും നിശബ്ദമാക്കാൻ കഴിയാത്ത വിശ്വാസത്തിന്റെ കരുത്തുമായി ഗാസയിലെ കത്തോലിക്കാ സമൂഹം ക്രിസ്മസിനെ വരവേൽക്കുന്നു. ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ 'ഹോളി ഫാമിലി' ഇടവകയിൽ ജെറുസലേം ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല സന്ദർശനം നടത്തി.
രണ്ട് വർഷത്തോളമായി യുദ്ധവും ദുരിതവും വേട്ടയാടുന്ന വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദേഹംഗാസയിലെത്തിയത്. കനത്ത സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ഡിസംബർ 19 നാണ് കർദിനാളും പ്രതിനിധി സംഘവും ഗാസയിലെത്തിയത്. സാന്താ തൊപ്പികൾ ധരിച്ച കുട്ടികളും മുതിർന്നവരും ചേർന്ന് പാത്രിയാർക്കീസിനെ ഹൃദ്യമായി സ്വീകരിച്ചു. യുദ്ധം തകർത്ത നഗരത്തിനുള്ളിൽ പ്രത്യാശയുടെ അടയാളമായി മിന്നുന്ന ദീപലങ്കാരങ്ങളും ക്രിസ്മസ് ട്രീകളും പുൽക്കൂടും ദേവാലയങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചത് മുതൽ നൂറുകണക്കിന് ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈ ഇടവക അഭയമൊരുക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ ഇടവകയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും പാത്രിയാർക്കീസ് വിലയിരുത്തും. ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുടെ നേതൃത്വത്തിലുള്ള വൈദികരുമായും അദേഹം കൂടിക്കാഴ്ച നടത്തും.

ഞായറാഴ്ച കർദിനാൾ പിസബല്ലയുടെ മുഖ്യകാർമ്മികത്വത്തിൽ ഇടവകയിൽ പ്രത്യേക ക്രിസ്മസ് ബലിയർപ്പണം നടക്കും. വെടിനിർത്തൽ കരാറിനെ തുടർന്ന് സാഹചര്യങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിൽ ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പാത്രിയാർക്കേറ്റ് അറിയിച്ചു. ഈ പ്രതിസന്ധികൾക്കിടയിലും സമാധാനത്തിന്റെ സന്ദേശവുമായി ഗാസയിൽ നാളെ മുതൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകും.