ചരിത്ര നേട്ടം; വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ആദ്യമായി ബഹിരാകാശത്തെത്തിച്ച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ

ചരിത്ര നേട്ടം; വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ആദ്യമായി ബഹിരാകാശത്തെത്തിച്ച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ

വാഷിങ്ടൺ : ബഹിരാകാശ വിനോദസഞ്ചാര രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ 'ബ്ലൂ ഒറിജിൻ' വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ വിജയകരമായി ബഹിരാകാശത്തെത്തിച്ചു. ജർമ്മനിയിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരിയായ എയ്‌റോസ്‌പേസ് എഞ്ചിനീയർ മൈക്കൈല ബെന്തൗസ് (Michaela Benthaus) ആണ് ഈ ചരിത്ര ദൗത്യത്തിലൂടെ പുതിയ നേട്ടം സ്വന്തമാക്കിയത്.

2018 ലുണ്ടായ ഒരു മൗണ്ടൻ ബൈക്കിംഗ് അപകടത്തെത്തുടർന്ന് സുഷുമ്നാ നാഡിക്ക് പരിക്കേറ്റതോടെയാണ് മൈക്കൈലയ്ക്ക് ചലനശേഷി നഷ്ടമായത്. എന്നാൽ തന്റെ പരിമിതികളെ മറികടന്ന് പാരാ-അസ്ട്രോനട്ട് മിഷനുകളിൽ സജീവമായ അവർ, വീൽചെയർ ടെന്നീസ് താരമായും പ്രശസ്തയാണ്. ബഹിരാകാശ യാത്ര എല്ലാവർക്കും ഒരുപോലെ സാധ്യമാണെന്ന് തെളിയിക്കുകയാണ് ഈ ദൗത്യത്തിലൂടെ മൈക്കൈല ലക്ഷ്യമിട്ടത്.

ഡിസംബർ 20 ന് ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് 'ന്യൂ ഷെപ്പേർഡ്' റോക്കറ്റിൽ മൈക്കൈലയും മറ്റ് അഞ്ച് യാത്രികരും കുതിച്ചുയർന്നത്. ഏകദേശം 11 മിനിറ്റ് നീണ്ടുനിന്ന യാത്രയിൽ അവർ ബഹിരാകാശത്തിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന 'കർമാൻ ലൈൻ' കടന്നു.

ബഹിരാകാശ സഞ്ചാരം ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും പ്രാപ്യമാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനാണ് ഈ ദൗത്യം നടത്തിയതെന്ന് ബ്ലൂ ഒറിജിൻ അധികൃതർ വ്യക്തമാക്കി. മൈക്കൈലയുടെ ഈ നേട്ടം ആഗോളതലത്തിൽ വലിയ പ്രശംസകൾക്ക് പാത്രമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.