മോസ്കോ: റഷ്യൻ സൈന്യത്തിലെ നിർണായക ചുമതലകൾ വഹിച്ചിരുന്ന ലെഫ്റ്റനൻ്റ് ജനറൽ ഫാനിൽ സർവാറോവ് കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ ആർമി ഓപ്പറേഷൻ ട്രെയിനിങ് ഡയറക്ടറേറ്റിൻ്റെ തലവനായിരുന്നു സർവാറോവ്. മോസ്കോയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ ഉക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗമാണോ എന്ന് റഷ്യൻ അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
കൊലപാതകത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി റഷ്യൻ ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോ അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഉക്രെയ്ൻ ആസൂത്രണം ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ സൈനിക നിരയിലെ ഏറ്റവും പരിചയസമ്പന്നനായ കമാൻഡർമാരിൽ ഒരാളായിരുന്നു സർവാറോവ്. 2015-16 കാലഘട്ടത്തിൽ സിറിയയിൽ റഷ്യ നടത്തിയ സൈനിക ഇടപെടലുകൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1969 ൽ റഷ്യയിലെ പെർ മേഖലയിൽ ജനിച്ച സർവാറോവ് 2016 ലാണ് ജനറൽ സ്റ്റാഫിൻ്റെ പ്രവർത്തന പരിശീലന വിഭാഗം തലവനായി നിയമിതനായത്.
ഉക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം റഷ്യൻ മണ്ണിൽ ക്രെംലിൻ അനുകൂലികളെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ഏപ്രിലിൽ ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി യാരോസ്ലാവ് മോസ്കലിക് സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
2024 ഡിസംബറിൽ റേഡിയോളജിക്കൽ പ്രതിരോധ വിഭാഗം തലവൻ ഇഗോർ കിറിലോവും മോസ്കോയിൽ വെച്ച് കൊല്ലപ്പെട്ടു. റഷ്യൻ പ്രതിരോധ നിരയെ തളർത്താൻ ഉക്രെയ്ൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് പുതിയ ആക്രമണമെന്നാണ് മോസ്കോയുടെ വിലയിരുത്തൽ.