യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കം; സെലെൻസ്‌കി - ട്രംപ് കൂടിക്കാഴ്ച ഞായറാഴ്ച

യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കം; സെലെൻസ്‌കി - ട്രംപ് കൂടിക്കാഴ്ച ഞായറാഴ്ച

ഫ്ലോറിഡ: നാല് വർഷത്തോളമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് അറുതി വരുത്താനുള്ള ചർച്ചകൾക്കായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അമേരിക്കയിലെത്തുന്നു. ഞായറാഴ്ച ഫ്ലോറിഡയിലെ ട്രംപിന്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് നിർണായകമായ ഈ കൂടിക്കാഴ്ച നടക്കുക. യുഎസ് ഭരണകൂടം മുന്നോട്ടുവെച്ച 28 ഇന ഒത്തുതീർപ്പ് വ്യവസ്ഥകളായിരിക്കും ചർച്ചയിലെ പ്രധാന അജണ്ട.

ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി എക്സിലൂടെ സ്ഥിരീകരിച്ചു. "പുതുവർഷത്തിന് മുമ്പ് തന്നെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ" എന്ന് അദേഹം കുറിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നടത്തുന്ന സമാധാന നീക്കങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായാണ് ലോകം ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.

സമാധാന ചർച്ചകൾക്കുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടെയും ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ കീവിൽ നിരവധി ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ മിസൈലുകളെയും ഡ്രോണുകളെയും നേരിടാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് ഉക്രേനിയൻ അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റഷ്യൻ ഡ്രോണുകൾ നീങ്ങുന്നുണ്ടെന്ന് വ്യോമസേന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.