തിരുവനന്തപുരം: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കൂറുമാറിയ സംഭവത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് പ്രതിനിധികളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപി പിന്തുണയോടെ വിമതയെ പ്രസിഡന്റാക്കിയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'ഇപ്പോള്‍ കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരും ഇരുട്ടി വെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ല. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകും എന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരില്‍ അനുയായികള്‍ നടപ്പാക്കിയത്.
സംസ്ഥാനത്ത് പലയിടത്തും ബിജെപി കോണ്‍ഗ്രസ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തില്‍ വ്യക്തമാണ്. അതവര്‍ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ ആരും ബിജെപിയില്‍ പോയില്ലെന്നും എല്‍ഡിഎഫ് നിശ്ചയിച്ച പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരെ വിമതന് പിന്തുണ കൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
എട്ട് പേര്‍ പാര്‍ട്ടി തീരുമാനം ലംഘിച്ചു. പാര്‍ട്ടിയോട് ആലോചിക്കാതെ നടപടി എടുത്തതിനാണ് മറ്റത്തൂരില്‍ അംഗങ്ങള്‍ക്ക് എതിരെ നടപടി എടുത്തതെന്നും അദേഹം പറഞ്ഞു. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോടും വി.ഡി സതീശന്‍ പ്രതികരിച്ചു. അങ്ങനെ പോകണം എന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.