ധാക്ക: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. നെഞ്ചിലെ അണുബാധമൂലം ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഖാലിദ ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അന്തരിച്ചത്.
നവംബര്‍ 23 നാണ് ഖാലിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഖാലിദയെ അലട്ടിയിരുന്നു. വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകള്‍ എന്നിവയെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ബംഗ്ലദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു അവര്‍.
ഹൃദ്രോഗ വിദഗ്ധനായ ഷഹാബുദ്ദീന്‍ തലൂക്ദാറിന്റെ നേതൃത്വത്തില്‍, ബംഗ്ലാദേശ്, യു.കെ, യു.എസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ ഒരു മെഡിക്കല്‍ ബോര്‍ഡാണ് ഖാലിദയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ഡിസംബര്‍ ആദ്യം വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.
സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയാണ്. മൂന്ന് തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ല്‍ അഴിമതിക്കേസില്‍ ശിക്ഷിച്ചിരുന്നു. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയത്. 1996 വരെ സ്ഥാനത്ത് തുടര്‍ന്ന അവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയില്ല. പിന്നീട് 2001-2006 കാലത്തും ഇവര്‍ പ്രധാനമന്ത്രി പദത്തിലെത്തിയിരുന്നു.
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി സിയ റഹ്മാന്റെ ഭാര്യയായ ഖാലിദ സിയ ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 1981 ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയത്. ഈ കാലത്ത് ബംഗ്ലാദേശില്‍ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. എന്നാല്‍ 2018 ല്‍ അഴിമതി കേസില്‍ തടവിലാക്കപ്പെട്ടു. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവച്ചതോടെ 2024 ഓഗസ്റ്റിലാണ് ഇവര്‍ ജയില്‍ മോചിതയായത്.
2025 ല്‍ എല്ലാ അഴിമതി കേസില്‍ നിന്നും അവരെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു.