കൊച്ചി: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തുലാവര്‍ഷ സീസണ്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വീണ്ടും മഴ എത്തുന്നത്.
നാളെ മുതല്‍ ജനുവരി ആദ്യ വാരം വരെ വിവിധ ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ശരാശരി ഒരു സെന്റിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ജനുവരി ഒന്നിന് പാലക്കാട്, തൃശൂര്‍,എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും രണ്ടിന് കോഴിക്കോട്, എറണാകുളം ജില്ലകളിലും മൂന്നിന് വയനാട്, എറണാകുളം ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യത.
കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കേരളത്തില്‍ തുലാവര്‍ഷം ദുര്‍ബലമായിരുന്നു. ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് ഈ പുതിയ മഴ സാധ്യത നേരിയ ആശ്വാസമേകിയേക്കും.