'ഉത്തരേന്ത്യയില്‍ അക്രമങ്ങള്‍ തുടരുമ്പോള്‍ കേരളത്തില്‍ ക്രൈസ്തവ പ്രീണന തന്ത്രം ഏശില്ല'; പട്ടികജാതി, ഒബിസി ഔട്ട്‌റീച്ചിന് ബിജെപി

'ഉത്തരേന്ത്യയില്‍ അക്രമങ്ങള്‍ തുടരുമ്പോള്‍ കേരളത്തില്‍ ക്രൈസ്തവ പ്രീണന തന്ത്രം ഏശില്ല'; പട്ടികജാതി, ഒബിസി ഔട്ട്‌റീച്ചിന് ബിജെപി

കൊച്ചി: കേരളത്തില്‍ നടത്തിയ ക്രൈസ്തവ പ്രീണന തന്ത്രം തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായ പ്രയോജനമുണ്ടാകാത്ത സാഹചര്യത്തില്‍ പട്ടികജാതി, ഒബിസി ഔട്ട്‌റീച്ചിന് പ്രാമുഖ്യം നല്‍കാന്‍ ബിജെപി.

കേരളത്തില്‍ ഭവന സന്ദര്‍ശനവും മറ്റും നടത്തി ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ പതിവായുണ്ടാകുന്ന അക്രമങ്ങള്‍ തിരിച്ചടിയാകുന്നുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് പട്ടിക ജാതി, ഒബിസി വിഭാഗങ്ങളോട് കൂടുതല്‍ അടുക്കാന്‍ ശ്രമം നടത്തുന്നത്.

നാളെ നടക്കുന്ന സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരും. കണ്ണൂരില്‍ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പട്ടികജാതി, ഒബിസി ഔട്ട്‌റീച്ചിന് പ്രാധാന്യം നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പട്ടികജാതി സംഘടനകള്‍ക്ക് പുറമേ ഹിന്ദു വിഭാഗങ്ങളിലെ ചെറു സമുദായ സംഘടനകളെയടക്കം സമീപിക്കാനാണ് നീക്കം.

നേരിട്ട് കാണേണ്ട പട്ടികജാതി, ഒബിസി നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പട്ടികജാതി വോട്ടുകള്‍ തങ്ങള്‍ക്ക് വന്‍തോതില്‍ കിട്ടിയെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

തെക്കന്‍ കേരളത്തില്‍ സിപിഎം, സിപിഐ ശക്തി കേന്ദ്രങ്ങളായിരുന്ന പല പട്ടികജാതി മേഖലകളിലും ബിജെപി നേട്ടമുണ്ടാക്കി. ബിജെപിയിലെത്തുന്ന പട്ടികജാതി, ഒബിസി വിഭാഗക്കാര്‍ വിട്ടുപോകില്ലെന്നും ക്രൈസ്തവ വോട്ടുകളിലുണ്ടാകുന്ന പോലെ ചാഞ്ചാട്ടമുണ്ടാകില്ലെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ വാദം.

പട്ടികജാതി ഔട്ട്‌റീച്ചിനായി കുമ്മനം രാജശേഖരന്‍, പി. സുധീര്‍ എന്നിവരുടെയും ഒബിസി ഔട്ട്റീച്ചിനായി കെ.കെ. അനീഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള സമിതിയെ ബിജെപി നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ഔട്ട്‌റീച്ചിന് കിട്ടിയ പ്രാമുഖ്യം പട്ടികജാതി, ഒബിസി ഔട്ട്‌റീച്ചുകള്‍ക്ക് ഉണ്ടായില്ല. കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നതുമില്ല.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്ല നിലയില്‍ ക്രിസ്ത്യന്‍ വോട്ട് ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചായി. പി.സി. ജോര്‍ജിന്റെ സ്വാധീന മേഖലകളിലെ ചില പഞ്ചായത്തുകളൊഴിച്ചാല്‍ മറ്റെങ്ങും ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് ഫലം ചെയ്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വോട്ടില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുമൂലം ക്രൈസ്തവ വോട്ടുകള്‍ കിട്ടിയതുമില്ല, ഹിന്ദു വോട്ട് കുറയുകയും ചെയ്‌തെന്നാണ് അവരുടെ വാദം. എന്നാല്‍ നഷ്ടപ്പെട്ട ക്രൈസ്തവ വോട്ട് ഭാവിയില്‍ തിരികെ വരുമെന്ന പ്രതീക്ഷയാണ് ഒരുവിഭാഗം നേതാക്കള്‍ക്കുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.