വെനസ്വേലന്‍ സര്‍ക്കാരിലും അമേരിക്കയുടെ ചാരസംഘം പ്രവര്‍ത്തിച്ചു.
വാഷിങ്ടണ്‍: വെനസ്വേലയില്‍ അതിക്രമിച്ചു കയറി രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ട വസതിയില്‍ നിന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടിയത് രണ്ട് മണിക്കൂറും ഇരുപത് മിനിറ്റും മാത്രം നീണ്ടു നിന്ന 'ഓപ്പറേഷന്‍ ആബ്സൊല്യൂട്ട് റിസോള്‍വ്' എന്ന ദൗത്യത്തിലൂടെ.
ഇരുട്ടിന്റെ മറവിലായിരുന്നു ഈ അപൂര്‍വ സൈനിക നീക്കം. 'ഇരട്ടു മൂടിയതും മാരകവും' എന്നാണ് സൈനിക നീക്കത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.
എന്നാല്‍ ഏറെ അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് സൈന്യത്തിന്റെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ ജനറല്‍ ഡാന്‍ കെയ്ന്‍ പിന്നീട് വെളിപ്പെടുത്തിയത്. അമേരിക്കയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ധീരമായ പ്രവൃത്തിയെന്നായിരുന്നു അദേഹത്തിന്റെ ആദ്യ പ്രതികരണം.
മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യു.എസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തത്. പിന്നീട് പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരുന്നു. ജനുവരി ഒന്ന് രാത്രി 10.46 ന് സൈനിക നീക്കത്തിന് ട്രംപ് അനുമതി നല്‍കി.
കര, നാവിക, വ്യോമ, ബഹിരാകാശ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്നായിരുന്നു നീക്കം. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമായി മാത്രമാണ് ഇത്ര സംയുക്തമായ നീക്കം നടന്നത്. എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധ വിമാനങ്ങളും സഹായത്തിന് മറ്റു വിമാനങ്ങളും ഉണ്ടായിരുന്നു.
മാത്രമല്ല, നിരവധി ഡ്രോണുകള്‍ പറത്തി മഡുറോയുടെ വസതിയിലെ തത്സമയ രഹസ്യങ്ങള്‍ ഒപ്പിയെടുത്തു. സി.ഐ.എ, എന്‍.എസ്.എ, എന്‍.ജി.എ തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും സംഭാവനയുമാണ് ഏറ്റവും ഗുണം ചെയ്തതെന്ന് കെയ്ന്‍ പറഞ്ഞു.
പ്രാദേശിക സമയം പുലര്‍ച്ച 2.01 ഓടെയാണ് യു.എസ് സൈന്യം വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലെ മഡുറോയുടെ വസതിക്ക് മുകളിലെത്തിയത്. അതിവേഗത്തിലും കൃത്യതയോടെയും നിലത്തിറങ്ങിയ സൈന്യം മഡുറോയുടെ സുരക്ഷ സൈന്യത്തെ ബലമായി ഒഴിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
ഒരു കോട്ട പോലെ പ്രവര്‍ത്തിക്കുന്ന കൊട്ടാര സദൃശ്യമായ വസതിയില്‍ കനത്ത സംരക്ഷണത്തിലാണ് മഡുറോ കഴിഞ്ഞിരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. മഡുറോയെ നിരീക്ഷിക്കാനായി വെനസ്വേലന്‍ സര്‍ക്കാരില്‍ നിന്നടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഒരു ചാരസംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് മറ്റൊരു വെളിപ്പെടുത്തല്‍.
മഡുറോ ഉറങ്ങുന്നതടക്കം അദേഹത്തിന്റെ ഓരോ നീക്കങ്ങളും ഈ സംഘം സസൂക്ഷ്മം നിരീക്ഷിച്ചു. അദേഹം എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു എന്നതടക്കം നിരീക്ഷിച്ചിരുന്നു.
മഡുറോയുടെ വളര്‍ത്തുമൃഗങ്ങള്‍ പോലും അമേരിക്കയുടെ നിരീക്ഷണ വലയത്തിലായിരുന്നു. ഇതിനൊപ്പം വെനസ്വേലന്‍ പ്രസിഡന്റിന്റെ കാരക്കാസിലെ സുരക്ഷിത വസതി ആക്രമിക്കാനായി മാസങ്ങളായുള്ള ആസൂത്രണവും നടന്നു.
കാരക്കാസിലെ വസതിയുടെ രൂപരേഖയടക്കം തയ്യാറാക്കി ഇവിടേക്ക് എങ്ങനെയെല്ലാം പ്രവേശിക്കാമെന്നതടക്കം യു.എസ് സൈന്യം ചര്‍ച്ച ചെയ്തു. ക്രിസ്മസിനും പുതുവത്സരത്തിനും ശേഷം അമേരിക്കന്‍ സൈന്യത്തിലെ ഓരോരുത്തരും സജ്ജരായിരുന്നെന്നും പ്രസിഡന്റിന്റെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നെന്നും ഡാന്‍ കെയ്ന്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ അതിസുരക്ഷാ മുറികള്‍ തകര്‍ക്കാനുള്ള ഉപകരണങ്ങളും സൈന്യത്തിനുണ്ടായിരുന്നു. എന്നാല്‍, അതിന്റെയൊന്നും ആവശ്യം വേണ്ടി വന്നില്ല. സ്ഥലത്തെത്തി വെറും അര മണിക്കൂറിനുള്ളില്‍ മഡുറോയെ സൈന്യം പിടികൂടി. ഇതിനിടെ ഏഴോളം സ്‌ഫോടനങ്ങളും കരക്കാസിലുണ്ടായി.
മഡുറോയെ സുരക്ഷിതമായി രാജ്യത്തിന് പുറത്തെത്തിക്കുകയായിരുന്നു സൈനിക നീക്കത്തിന്റെ സുപ്രധാന ലക്ഷ്യം. ഇതിനായി 150 ഓളം വിമാനങ്ങള്‍ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് പറന്നുയര്‍ന്നു. പരസ്പര ധാരണയോടെയും സഹകരണത്തോടെയുമായിരുന്നു നടപടി. ഏതെങ്കിലുമൊരു ഘട്ടത്തില്‍ ചെറിയൊരു പാകപ്പിഴ സംഭവിച്ചിരുന്നെങ്കില്‍ മിഷന്‍ പൂര്‍ണമായും പരാജയപ്പെടുമായിരുന്നെന്ന് കെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.