നൈജീരിയയിൽ ഭീകരവേട്ട: 42 പേരെ വെടിവെച്ചു കൊന്നു; സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ ഭീകരവേട്ട: 42 പേരെ വെടിവെച്ചു കൊന്നു; സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിൽ ക്രൈസ്തവ ഗ്രാമങ്ങൾക്ക് നേരെ സായുധ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. കൊണ്ടഗോറ കത്തോലിക്കാ രൂപതയ്ക്ക് കീഴിലുള്ള ഗ്രാമങ്ങളിലാണ് കൊള്ളസംഘം അഴിഞ്ഞാടിയത്. നിരവധി സ്ത്രീകളെയും കുട്ടികളെയും തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്തെ അഗ്വാര തദ്ദേശ ഭരണകൂട പരിധിയിലുള്ള കസുവാൻ ഡാജി ഗ്രാമത്തിലാണ് ഒടുവിലായി ആക്രമണം ഉണ്ടായതെന്ന് സഭാനേതൃത്വം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ഗ്രാമത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. കനത്ത ആയുധങ്ങളുമായെത്തിയ കൊള്ളക്കാർ മണിക്കൂറുകളോളം ഗ്രാമത്തിൽ അക്രമം തുടർന്നതായി കൊണ്ടഗോറ രൂപത സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. മാത്യു സ്റ്റീഫൻ കബീരാത്ത് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നത് വീഴ്ചയുടെ ആഴം വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ഡിസംബർ 28 മുതൽ പ്രദേശത്ത് സായുധ സംഘങ്ങൾ അക്രമം അഴിച്ചുവിടുകയാണ്. കൈൻജി ഗെയിം റിസർവ് വനമേഖലയിലെ ഒളിത്താവളങ്ങളിൽ നിന്ന് മുപ്പതോളം മോട്ടോർ സൈക്കിളുകളിലായെത്തിയ സംഘമാണ് ഈ കൂട്ടക്കൊലകൾക്ക് പിന്നിൽ. വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊള്ളസംഘങ്ങൾ ഗ്രാമങ്ങളെ ലക്ഷ്യം വയ്ക്കുന്നത് പതിവാകുകയാണ്.

തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല. പ്രദേശത്ത് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യത്തെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.