വത്തിക്കാൻ മതാന്തര സംവാദ വിഭാഗത്തിലേക്ക് മലയാളി വൈദികൻ; ഫാ. ജോസഫ് ഈറ്റോലിലിന് നിർണായക നിയമനം

വത്തിക്കാൻ മതാന്തര സംവാദ വിഭാഗത്തിലേക്ക് മലയാളി വൈദികൻ; ഫാ. ജോസഫ് ഈറ്റോലിലിന് നിർണായക നിയമനം

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ നിർണായക പദവിയിലേക്ക് വീണ്ടും ഒരു മലയാളി സാന്നിധ്യം. മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ നിയമിതനായി.

വിവിധ മതങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും വളർത്തുന്നതിനായി 1964 ൽ സ്ഥാപിതമായ ഈ വിഭാഗത്തിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങളുമായുള്ള സംവാദങ്ങൾക്കായുള്ള പ്രത്യേക വിഭാഗത്തിലാണ് ഫാ. ജോസഫിന്റെ നിയമനം.

ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഇടവകാംഗമായ ഫാ. ജോസഫ് ഇതര മത ദൈവശാസ്ത്രത്തിലും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സംവാദത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവിൽ റോമിലെ റെജീന അപ്പസ്തോലരും യൂണിവേഴ്സിറ്റിയിൽ ക്രിസ്തുവിജ്ഞാനീയത്തിൽ ഗവേഷണം നടത്തിവരികയായിരുന്നു. അദേഹത്തിന്റെ അക്കാദമിക് മികവും മതങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള അറിവും പരിഗണിച്ചാണ് ഈ പുതിയ ചുമതല.

മറ്റൊരു പ്രധാന പ്രത്യേകത ഈ ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ മലയാളിയായ കർദിനാൾ ജോർജ് കൂവക്കാട് ആണ് എന്നതാണ്. വത്തിക്കാനിലെ ഉയർന്ന പദവികളിൽ മലയാളികൾ എത്തുന്നതിലെ പുതിയ അധ്യായമായി ഈ നിയമനം വിലയിരുത്തപ്പെടുന്നു. സഭയുടെ ഔദ്യോഗിക ഭരണസംവിധാനത്തിൽ ഏഷ്യൻ രാജ്യങ്ങളിലെ മതങ്ങളെ പ്രതിനിധീകരിക്കാനും സംവാദങ്ങൾ നയിക്കാനും ഫാ. ജോസഫിന്റെ നിയമനം സഹായിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.