ബോംബ് സ്ഫോടനത്തിന് സമാനം; വിക്ടോറിയയിൽ കാട്ടുതീ പടരുന്നു; റഫി ടൗണിൽ വീടുകൾ കത്തിനശിച്ചു, മൂന്ന് പേരെ കാണാനില്ല

ബോംബ് സ്ഫോടനത്തിന് സമാനം; വിക്ടോറിയയിൽ കാട്ടുതീ പടരുന്നു; റഫി ടൗണിൽ വീടുകൾ കത്തിനശിച്ചു, മൂന്ന് പേരെ കാണാനില്ല

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു. വടക്കൻ മെൽബണിലെ റഫി ടൗണിൽ പത്തോളം വീടുകൾ പൂർണമായും കത്തിനശിച്ചു. നഗരമധ്യത്തിൽ ബോംബ് സ്ഫോടനം നടന്നതിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോംഗ്‌വുഡ് ഈസ്റ്റ് മേഖലയിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായത് ആശങ്ക വർദ്ധിപ്പിക്കുന്നു.

സംസ്ഥാനത്ത് വരും മണിക്കൂറുകൾ അതീവ നിർണായകമാണെന്ന് വിക്ടോറിയ പ്രീമിയർ ജസീന്ത അലൻ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും 43 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ലോംഗ്‌വുഡിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുടെ വീട് നിന്നിരുന്ന ഭാഗം പൂർണമായും ചാമ്പലായ നിലയിലാണ്.

കാട്ടുതീ അണയ്ക്കാൻ പോയ സന്നദ്ധ സേനാംഗത്തിന്റെ വീടും തീപിടുത്തത്തിൽ നശിച്ചു. തീകെടുത്താനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒരു രക്ഷാപ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ 70,000-ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

2019 ലെ ബ്ലാക്ക് സമ്മർ തീപിടുത്തത്തിന് ശേഷം ആദ്യമായാണ് വിക്ടോറിയയിൽ ഇത്രയും വലിയ അപകട സാധ്യത പ്രഖ്യാപിക്കുന്നത്. വായുസേനയുടെ നിരീക്ഷണവും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിർദ്ദേശം ലഭിച്ചാൽ ഒട്ടും വൈകാതെ പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.