തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകര എംപി ഷാഫി പറമ്പിലിന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കിയേക്കുമെന്ന് സൂചന. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നീക്കം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പായി തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് ഉണ്ടാകുക എന്ന ലക്ഷ്യമിട്ടുള്ള തന്ത്രപരമായ തീരുമാനമായാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇതിനെ കാണുന്നത്. ഷാഫി പറമ്പിലിന്റെ സംഘടനാ വൈദഗ്ധ്യം, ബഹുജന ആകര്‍ഷണം, തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കഴിവുകള്‍ എന്നിവ അദേഹത്തെ സ്ഥാനത്തിന് അനുയോജ്യനാക്കുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കുക എന്നത് കോണ്‍ഗ്രസില്‍ തുടര്‍ന്ന് വരുന്ന കീഴ് വഴക്കമാണ്. സണ്ണി ജോസഫ് (പേരാവൂര്‍), വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി അനില്‍ കുമാര്‍ (വണ്ടൂര്‍), പി.സി വിഷ്ണുനാഥ് (കുണ്ടറ) എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കും. അതുകൊണ്ട് തന്നെ പ്രചാരണ ഘട്ടത്തിലെ സംഘടനാ ഉത്തരവാദിത്തങ്ങള്‍ മത്സരരംഗത്തില്ലാത്തവര്‍ക്കാകും നല്‍കുക. ഇതോടെ ഷാഫി പറമ്പിലിന് കേന്ദ്ര-സംസ്ഥാന ഏകോപന ചുമതല ലഭിക്കാനുള്ള സാധ്യത തെളിയുന്നുവെന്നാണ് കെപിസിസിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.
അതേസമയം ഇതുവരെ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ഷാഫി പറമ്പിലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കെപിസിസി ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാവ് എം.എം ഹസന്‍, മുന്‍ മന്ത്രി കെ.സി ജോസഫ് എന്നിവരെയും കെപിസിസി പ്രസിഡന്റിന്റെ ചുമതലയിലേക്ക് പരിഗണിച്ചേക്കും. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങളും പ്രചാരണ ആവശ്യകതകളും കണക്കിലെടുത്ത് ഷാഫി പറമ്പില്‍ സ്വാഭാവിക ചോയ്സായി മാറിയേക്കാമെന്നും ഷാഫിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.