വന്ദേഭാരത് സ്ലീപ്പര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 960 രൂപ: രാജധാനിയേക്കാള്‍ അധികം, ആര്‍.എ.സിയില്ല

വന്ദേഭാരത് സ്ലീപ്പര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു; കുറഞ്ഞ നിരക്ക് 960 രൂപ: രാജധാനിയേക്കാള്‍ അധികം, ആര്‍.എ.സിയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി സര്‍വീസ് തുടങ്ങുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ ട്രെയിനില്‍ റിസര്‍വേഷന്‍ എഗൈന്‍സ്റ്റ് കാന്‍സലേഷന്‍ (ആര്‍.എ.സി) ഇല്ല. വെയിറ്റിങ് ലിസ്റ്റ്, ഭാഗികമായി സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റുള്ളവര്‍ എന്നിവര്‍ക്ക് പുതിയ വന്ദേഭാരത് സ്ലീപ്പറില്‍ യാത്ര ചെയ്യാനാവില്ല.

രാജധാനിയേക്കാളും അധിക നിരക്കാണ് വന്ദേഭാരത് സ്ലീപ്പറിന് റെയില്‍വേ ചുമത്തുന്നത്. 400 കിലോ മീറ്ററിനാണ് വന്ദേഭാരത് സ്ലീപ്പറില്‍ മിനിമം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ത്രീ ടയര്‍ എ.സിക്ക് 400 കിലോ മീറ്ററിന് 960 രൂപയാണ് നല്‍കേണ്ടത്.

സെക്കന്‍ഡ് എ.സി 1,240 രൂപയും ഫസ്റ്റ് ക്ലാസ് എ.സിക്ക് 1,520 രൂപയും മിനിമം നിരക്കായി നല്‍കണം. മിനിമം ചാര്‍ജ് കഴിഞ്ഞാല്‍ തേര്‍ഡ് എ.സിയില്‍ കിലോ മീറ്ററിന് 2.4 രൂപയും സെക്കന്‍ഡ് എ.സി 3.1 രൂപയും ഫസ്റ്റ് എ.സിയില്‍ 3.8 രൂപയും അധിക നിരക്ക് നല്‍കേണ്ടി വരും.

അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ലഭിക്കുമെന്ന് ഉറപ്പാക്കുമ്പോഴും ഏത് റൂട്ടിലാണ് വണ്ടി ഒടുകയെന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഇതുവരെ മാറിയിട്ടില്ല. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അസമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് സര്‍വീസ് തുടങ്ങിയത്. ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നുമാണ് സൂചന.

വന്ദേഭാരത് സ്ലീപ്പര്‍ ഓടിക്കാന്‍ പ്രധാനമായും റെയില്‍വേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകളാണ്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണ് റെയില്‍വേ പരിഗണിക്കുന്ന റൂട്ടുകള്‍.

ഇതില്‍ തന്നെ തിരുവനന്തപുരത്തു നിന്ന് ചെന്നൈ, തിരുവനന്തപുരം - ബംഗളുരു എന്നീ റൂട്ടുകള്‍ക്കാണ് മുന്‍ഗണന. കേരളം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ നിലവില്‍ ഓടുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ വരുമാനം റൂട്ടിന് അനുകൂല ഘടകമാണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.