തിരുവല്ല: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തുന്നതിനായി പ്രതിയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്ട്രേറ്റ് ചോദിച്ചു. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും പ്രതിയെ ഹാജരാക്കിയ ശേഷം നാളെ കോടതി അന്തിമ തീരുമാനം എടുത്തേക്കും.
ബലാത്സംഗം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള എസ്‌ഐടിയുടെ അപേക്ഷ ഉച്ചകഴിഞ്ഞ് പരിഗണിച്ച ശേഷമാണ് കോടതി പ്രോഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. പത്തനംതിട്ട കോടതിയില്‍ നിന്ന് കേസ് സംബന്ധിച്ചുള്ള ഫയല്‍ രാവിലെ എത്താത്തതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയത്.
പ്രതിഭാഗം ഇന്നലെ ജാമ്യ അപേക്ഷ നല്‍കിയെങ്കിലും ഇന്ന് അതില്‍ വാദം നടത്തില്ല. കസ്റ്റഡി അപേക്ഷയില്‍ അന്തിമ തീരുമാനം ഉണ്ടായതിന് ശേഷമാകും ജാമ്യാപേക്ഷ പരിഗണിക്കുകയെന്ന് സൂചനയുണ്ട്.
മൂന്നാമത്തെ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെയാണ് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്. മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പര്‍ തടവുപുള്ളിയാണ് ഇപ്പോള്‍ രാഹുല്‍. ജയിലില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കിയിട്ടില്ല.
സാധാരണ ജയില്‍ തടവുകാരനായിട്ടാണ് മാവേലിക്കരയിലെ സബ് ജയിലില്‍ കഴിയുന്നത്. മാവേലിക്കര സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലില്‍ പായയിലാണ് കിടപ്പ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാഹുലിനെ ഒറ്റയ്ക്കാണ് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.