മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. സഞ്ചാരികളുടെ വര്‍ധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം ചുരം യാത്ര അതീവ ദുഷ്‌കരമായി മാറിയിരിക്കുകയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
ചുരത്തിലെ നിലവിലെ സാഹചര്യം യാത്രക്കാരുടെ സമയ നഷ്ടത്തിനൊപ്പം സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും ചുരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു. കൂടാതെ വയനാട് തുരങ്ക പാത നിര്‍മാണം വേഗത്തിലാക്കി ഗതാഗതം സുഗമമാക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
അധികൃതരുടെ ഭാഗത്ത് നിന്ന് ഇനിയും അനാസ്ഥ തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി യുവജനങ്ങള്‍ രംഗത്തിറങ്ങുമെന്ന് രൂപത പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ മുന്നറിയിപ്പ് നല്‍കി. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നത് വയനാടിന്റെ വികസനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും അനിവാര്യമാണെന്നും അദേഹം വ്യക്തമാക്കി.
രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേല്‍, ജനറല്‍ സെക്രട്ടറി റോബിന്‍ വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശേരിയില്‍, ക്രിസ്റ്റി കാരുവള്ളിത്തറ, കോര്‍ഡിനേറ്റര്‍ ബ്രിട്ടോ വാഴയില്‍, ട്രഷറര്‍ നവീന്‍ പുലക്കുടിയില്‍, രൂപത ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സി. റോസ് ടോം എസ്.എ.ബി.എസ് എന്നിവര്‍ സംസാരിച്ചു.