തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ എല്‍ഡിഎഫില്‍ പിടിച്ചുനിര്‍ത്താന്‍ തന്ത്രം മെനഞ്ഞ് സിപിഎം. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനാണ് സിപിഎം ആലോചന. ആന്റണി രാജു അയോഗ്യനായതോടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് അനുനയത്തിന്റെ സൂചന നല്‍കി സീറ്റ് വിട്ടുകൊടുക്കാന്‍ നീക്കം നടത്തുന്നത്. തിരുവനന്തപുരം സീറ്റ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെ ക്രിസ്റ്റ്യന്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് കുറേക്കൂടി അടുത്തെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് കണക്കില്‍ അത് പ്രകടവുമായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം മുന്നണിയില്‍ നല്‍കുന്ന അധിക പരിഗണനയ്ക്ക് അതൊരു കാരണവുമാണ്. അതിനിടയിലാണ് കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റത്തിനെന്ന അഭ്യൂഹം ചര്‍ച്ചയായത്.
മൂന്നാം ഭരണം സ്വപ്നം കാണുന്ന സിപിഎമ്മിന് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം തിരിച്ചടിയാവുമെന്ന് കൃത്യമായ അവബോധമുണ്ട്. അതുകൊണ്ട് തന്നെ എന്ത് വിട്ടുവീഴ്ച ചെയ്തും കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് സിപിഎം നീക്കം. ഇതിന്റെ ഭാഗമാണ് തിരുവനന്തപുരം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറാനുള്ള ആലോചന.
ആന്റണി രാജു അയോഗ്യനായതോടെ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി ഒരു മുഴം മുന്നേ എറിയുകയാണ് സിപിഎം. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അനൗദ്യോഗികമായി അറിയിച്ചുണ്ടെന്നാണ് സൂചന.
ഇതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കും കടന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സഹായ ദാസിന്റെയും ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എസ് മനോജിന്റെയും പേരുകളാണ് സജീവ ചര്‍ച്ചയിലുള്ളത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും എന്‍എസ്എസ് സഹയാത്രികനുമായ മനോജിന്റെ പേരിനാണ് മുന്‍തൂക്കം.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമായിരിക്കെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരും. മുന്നണി മാറ്റ വാര്‍ത്തകള്‍ തള്ളി ഫേസ്ബുക്ക് കുറിപ്പിലൂടെ ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറിപ്പില്‍ പിന്നീട് തിരുത്തല്‍ വരുത്തിയത് വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം വിദേശത്തായിരുന്ന ജോസ് കെ. മാണി നാട്ടില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ നേരിട്ടുള്ള പ്രതികരണം ഇന്ന് ഉണ്ടായേക്കും.