സിഡ്‌നി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതിക്ക് പുറത്ത് തടിച്ചുകൂടിയ മാധ്യമ പ്രവർത്തകരോട് വിചിത്രമായ പ്രതികരണമാണ് പ്രതിയായ ടെയ്റ്റ് നടത്തിയത്.
"ടീം ഓസ്‌ട്രേലിയ... ഞാൻ നിലകൊള്ളുന്നത് അതിന് വേണ്ടിയാണ്, മറ്റൊന്നിനുമല്ല," എന്നായിരുന്നു മാധ്യമങ്ങൾക്ക് നേരെ ഇയാളുടെ ആക്രോശം. തന്റെ കേസ് രാജ്യത്തെ ഏറ്റവും വലിയ വാർത്തയാണെന്നും ഇയാൾ വിളിച്ചുപറഞ്ഞു. ഡിസംബർ 16 ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തുടർച്ചയായി വിളിച്ച് വധഭീഷണി മുഴക്കി എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് വെസ്റ്റേൺ സിഡ്‌നിയിലുള്ള ഇയാളുടെ വസതിയിൽ റെയ്ഡ് നടത്തുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കേസ് പരിഗണിക്കുന്നത് ജനുവരി 28 ലേക്ക് മാറ്റി.