ടെഹ്റാന്‍: പ്രതിഷേധക്കാരെ തൂക്കിലേറ്റരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കടുത്ത താക്കീതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രക്ഷോഭകരെ തൂക്കിക്കൊല്ലുമെന്ന ഉന്നത ഇറാനിയന്‍ ന്യായാധിപന്റെ പ്രസ്താവന അരാഗ്ചി പരസ്യമായി തള്ളി.
പ്രക്ഷോഭകരെ തൂക്കിലേറ്റില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് അരാഗ്ചി പറഞ്ഞത്. 'തൂക്കിലേറ്റുന്ന കാര്യം ചിത്രത്തിലേയില്ല.' അദേഹം പറഞ്ഞു.
ഇറാനിലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെതിരെ ഇറാനിയന്‍ ജനതയെ സഹായിക്കുമെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. കുറഞ്ഞത് 3,428 പേരെങ്കിലും ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്.
'കൊലപാതകം നിര്‍ത്തിയിട്ടുണ്ടെന്നും വധശിക്ഷ നടപ്പാക്കില്ലെന്നും അവര്‍ പറഞ്ഞു. ഇന്ന് ധാരാളം വധ ശിക്ഷകള്‍ നടപ്പാക്കാന്‍ പോകുന്നുണ്ടായിരുന്നു. എന്നാല്‍ അവ നടപ്പാക്കില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ അത് കണ്ടെത്തും'- ട്രംപ് പറഞ്ഞു.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെയും പരിക്കുകളുടെയും സംഖ്യ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും അടിച്ചമര്‍ത്തല്‍ തുടരുകയാണെങ്കില്‍ ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജി 7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ടെഹ്റാനില്‍ നിന്ന് പുറത്തു വന്ന പുതിയ വീഡിയോകളില്‍ കഹ്രിസാക് മോര്‍ച്ചറിയില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ നിരനിരയായി കാണുന്നുണ്ട്. പ്രിയപ്പെട്ടവരെ തിരയുന്ന ദുഖിതരായ ബന്ധുക്കളെയും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തതാണെന്ന് അദേഹം പറഞ്ഞു.
ഇത്രയും വര്‍ഷം നിലനിന്നതും ഇത്രയധികം ആളുകളെ കൊന്നൊടുക്കിയതുമായ ഒരു ഭരണകൂടം നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തതാണ്. മാറ്റങ്ങള്‍ ആവശ്യമാണ്. യൂറോപ്പിലും മാറ്റങ്ങള്‍ ആവശ്യമാണ്. റഷ്യ ആരംഭിച്ചതും ഇപ്പോഴും നീട്ടിക്കൊണ്ടു പോകുന്നതുമായ രക്തച്ചൊരിച്ചില്‍ അവസാനിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.